Business
കര്‍ണാടകയില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രം; ലുലു ഗ്രൂപ്പ് 300 കോടി രൂപ നിക്ഷേപിക്കും
കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്.
അബൂദബി/ദാവോസ് | ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ യു എ ഇ ആസ്ഥാനമായ ലുലു ഗ്രൂപ്പ് കൂടുതല്‍ സാധ്യതകള്‍ തേടുന്നു. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ വെച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇത് വ്യക്തമാക്കപ്പെട്ടത്.
കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ഭക്ഷ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ദാവോസില്‍ വെച്ച് കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീല്‍, എം എ യൂസഫലിയുമായി നടത്തി. ഈ മേഖലയില്‍ 300 കോടി രൂപ മുതല്‍മുടക്കാനാണ് ലുലു ഉദ്ദേശിക്കുന്നത്.
വിജയപുരക്ക് പുറമെ കല്‍ബുര്‍ഗി, ബീജാപ്പുര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജില്ലകളില്‍ നിന്നും കാര്‍ഷികോത്പന്നങ്ങള്‍ സംഭരിച്ച് കയറ്റുമതി ചെയ്യാനും ലുലു ഉദ്ദേശിക്കുന്നതായി എം എ യൂസഫലി പറഞ്ഞു. നിലവില്‍ ബെംഗളൂരുവില്‍ രണ്ട് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് ഗ്രൂപ്പിനുള്ളത്.
തെലങ്കാനയില്‍ ലുലു പ്രഖ്യാപിച്ച പദ്ധതികളുമായി മുന്നോട്ട് പോകുമെന്ന് യൂസഫലി കൂടിക്കാഴ്ചക്കിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ അറിയിച്ചു. സംസ്ഥാനത്ത് 3,500 കോടി രൂപയുടെ നിക്ഷേപത്തില്‍ ഷോപ്പിംഗ് മാള്‍, ഭക്ഷ്യ സംസ്‌കരണ കേന്ദ്രം എന്നിവ ആരംഭിക്കാനാണ് ഗ്രൂപ്പ് വിഭാവനം ചെയ്യുന്നത്. ഇത് കൂടാതെ ഉള്‍നാടന്‍ മത്സ്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനും ലുലുവിന് പദ്ധതിയുണ്ട്.
പുതിയ സര്‍ക്കാര്‍ എല്ലാ സഹകരണവും ലുലു ഗ്രൂപ്പിന് നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി യൂസഫലിയോട് പറഞ്ഞു. തെലങ്കാനയിലെ ഭരണമാറ്റം സംസ്ഥാനത്തെത്തുന്ന നിക്ഷേപകര്‍ക്കോ നിക്ഷേപങ്ങള്‍ക്കോ യാതൊരു പ്രയാസങ്ങളും ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വ്യവസായ മന്ത്രി ശ്രീധര്‍ ബാബു ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു. തെലങ്കാനയിലെ ആദ്യത്തെ ലുലു മാള്‍ ഹൈദരാബാദില്‍ കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ, എന്നിവരുമായും യൂസഫലി കൂടിക്കാഴ്ച നടത്തി. ദാവോസ് സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്നും രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം പ്രതിനിധികളാണ് എത്തിയിട്ടുള്ളത്. അഞ്ച് ദിവസത്തെ ഉച്ചകോടി വെള്ളിയാഴ്ച സമാപിക്കും.