Connect with us

prathivaram health

ഭക്ഷ്യ സുരക്ഷ ആരോഗ്യത്തിന്റെ അടിത്തറ

വിശപ്പടക്കുന്നതിന് പുറമെ, ഒരാളുടെ ആരോഗ്യത്തിൽ ഭക്ഷണം നിർണായകമായ ഘടകമാണ്. ശരീരത്തെ രോഗങ്ങളിൽ നിന്ന് അകറ്റി സുരക്ഷിതമായ കവചം ഒരുക്കുന്നതിനും ഭക്ഷണം സഹായിക്കുന്നുണ്ട്. നമുക്ക് ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമുള്ള പോഷകങ്ങളുടെ വലിയൊരു ശതമാനവും ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. അതിനാൽ, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം എന്നത് ഏതൊരാളുടെയും അവകാശമാണ്.

Published

|

Last Updated

ജൂൺ ഏഴ് ലോക ഭക്ഷ്യ സുരക്ഷാ ദിനമായിരുന്നല്ലോ. നമ്മുടെ ആരോഗ്യത്തിൽ ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വിശപ്പടക്കുന്നതിന് പുറമെ, ഒരാളുടെ ആരോഗ്യത്തിലും ഭക്ഷണം നിർണായകമായ ഘടകമാണ്. ശരീരത്തെ രോഗങ്ങളിൽ നിന്ന് അകറ്റി, സുരക്ഷിതമായ കവചം ഒരുക്കുന്നതിനും ഭക്ഷണം സഹായിക്കുന്നുണ്ട്. നമുക്ക് ദൈനംദിന പ്രവർത്തനങ്ങൾക്കാവശ്യമുള്ള പോഷകങ്ങളുടെ വലിയൊരു ശതമാനവും ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. അതിനാൽ, പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം എന്നത് ഏതൊരാളുടെയും അവകാശമാണ്.

ലോകാരോഗ്യ സംഘടനയും (World Health Organization) ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള ഭക്ഷ്യ- കാർഷിക സംഘടനയും (Food and Agriculture Organization) ചേർന്നാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം വർഷാവർഷം ജൂൺ 7ന് ആചരിച്ചുവരുന്നത്

ഭക്ഷ്യ ജന്യ അപകടസാധ്യതകൾ തടയുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ആവശ്യകത അറിയിക്കുന്നതാണ് ഈ ദിനം. സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം ലഭ്യമാക്കി ഏവർക്കും സുസ്ഥിരമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുക എന്നതാണ് ഭക്ഷ്യസുരക്ഷാ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും വായിച്ചറിയാം.

ഭക്ഷ്യ സുരക്ഷ ഒരു നിർണായക ആഗോള പ്രശ്‌നമാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം പ്രതിദിനം ശരാശരി 1,60,000 ആളുകൾ രോഗികളാകുന്നുവെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അതായത് പത്തിലൊരാൾക്ക് വീതം ഭക്ഷ്യ സുരക്ഷയുമായിട്ടുള്ള അസുഖം ബാധിച്ചിരിക്കുന്നു. പ്രതിവർഷം അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 40 ശതമാനം പേർക്കും ഭക്ഷ്യവിഷബാധ ഉണ്ടാകുന്നുണ്ട് (WHO, 2024).”ഭക്ഷ്യ സുരക്ഷ: അപ്രതീക്ഷിതമായി വരുന്ന എന്തിനും തയ്യാറെടുക്കുക’ എന്നാണ് ലോക ഭക്ഷ്യ സുരക്ഷാ ദിന സന്ദേശം.

ഭക്ഷ്യസുരക്ഷാ സംഭവങ്ങൾ എത്ര തീവ്രമായാലും അപ്രതീക്ഷിതമായി വന്നാലും അതിന് തയാറാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ വർഷത്തെ സന്ദേശം അടിവരയിട്ട് പറയുന്നത്.

ഭക്ഷണ മാനദണ്ഡങ്ങളുടെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ഭക്ഷ്യജന്യരോഗങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വർധിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം.

ലോക ഭക്ഷ്യസുരക്ഷാ ദിനം മെച്ചപ്പെട്ട ആരോഗ്യം നൽകുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ ഭക്ഷണത്തിലൂടെ പകരുന്ന അണുബാധ തടയുന്നതിനും ഇതുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ പരിഷ്‌കരിക്കാൻ ശ്രമിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഭക്ഷ്യജന്യ രോഗങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള അവസരവും ഈ ദിനം നൽകുന്നു.

പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെ രോഗ വ്യാപനം ഇല്ലാതാക്കുന്നതിനും കാർഷിക മേഖലകളിൽ ആരോഗ്യകരമായ, ശുചിത്വപരമായ രീതികൾ വളർത്തുന്നതിനും വിപണിയിലും ഭക്ഷ്യ ഇടപാടുകൾ നടക്കുന്ന എല്ലായിടത്തും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്.

സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണം ഒരുക്കുന്നതിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

മത്സ്യം, മുട്ട, കടൽവിഭവങ്ങൾ, ഇറച്ചി എന്നിവയെല്ലാം മറ്റ് ഭക്ഷണസാധനങ്ങൾക്കൊപ്പം സൂക്ഷിക്കാതിരിക്കുക. ഇവ മുറിക്കുന്നതിനും മറ്റുമായി പച്ചക്കറികൾ അരിയാൻ ഉപയോഗിക്കുന്ന ചോപ്പിംഗ് ബോർഡ് ഉപയോഗിക്കരുത്.

ഭക്ഷ്യവസ്തുക്കൾ കഴുകി ഉപയോഗിക്കാം. ഏത് ഭക്ഷ്യവസ്തുവായാലും കഴിക്കുന്നതിന് മുമ്പ് കഴുകേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്

പഴവും പച്ചക്കറിയുമായാലും മത്സ്യ-മാംസാദികളായാലും അവ പാചകം ചെയ്യുന്നതിന് മുമ്പ് കഴുകി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഉപയോഗത്തിനും ശേഷം പാത്രങ്ങളും പാചകത്തിനുപയോഗിക്കുന്ന വസ്തുക്കളും ചൂടുള്ള, സോപ്പ് വെള്ളത്തിൽ വൃത്തിയാക്കുക.

ഭക്ഷണസാധനങ്ങൾ നന്നായി വേവിച്ച് കഴിക്കാം. ഭക്ഷണസാധനങ്ങൾ, പ്രത്യേകിച്ച് മത്സ്യം, മാംസം, മുട്ട എന്നിവയെല്ലാം വേവിച്ച് കഴിക്കുന്നതാണ് ആരോഗ്യപ്രദം. വേവിച്ച് കഴിക്കുന്നത് അവയിലെ ബാക്ടീരിയ പോലുള്ള രോഗവാഹകരായ സൂക്ഷ്മാണുക്കൾ നശിക്കുന്നതിന് സഹായിക്കും.
പാചകത്തിനും വിളമ്പുന്നതിനും ഇടയിൽ മാംസ ഭക്ഷണങ്ങൾ 60 ഡിഗ്രിയോ അതിൽ കൂടുതലോ ചൂടാക്കി സൂക്ഷിക്കുക.

പാചകം ചെയ്തതായാലും അല്ലെങ്കിലും ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സുരക്ഷിതമായി സൂക്ഷിക്കേണ്ടതുണ്ട്. പാചകം ചെയ്ത ഭക്ഷണങ്ങൾ പാചകംചെയ്തവയുടെ ഒപ്പം വെക്കരുത്. അതോടൊപ്പം പാചകം ചെയ്ത ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ വെക്കുമ്പോൾ നന്നായി മൂടിവെക്കാൻ ശ്രദ്ധിക്കണം.

32 ഡിഗ്രിക്ക് മുകളിലുള്ള അന്തരീക്ഷ താപനിലയിൽ രണ്ട് മണിക്കൂറിൽ കൂടുതൽനേരം ഭക്ഷണം വെക്കരുത്.

സുരക്ഷിതമായ വെള്ളം മാത്രം പാചകത്തിന് ഉപയോഗിക്കുക. നമ്മൾ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്നും വരുന്നു, അതുപോലെ, ഇത് നന്നായി ഫിൽട്ടർ ചെയ്തതിന് ശേഷം മാത്രമാണോ നമ്മളിലേക്ക് എത്തുന്നത് എന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.അതുപോലെ, വെള്ളം നന്നായി തിളപ്പിച്ച് ഉപയോഗിക്കാനും ഒരിക്കലും മടി കാണിക്കരുത്.

പൊട്ടിയതോ ലീക്ക് ചെയ്യുന്നതോ സെക്യൂരിറ്റി സീൽ പോയതോ ആയ യാതൊന്നും വാങ്ങാതെ ശ്രദ്ധിക്കുക. വീട്ടിൽ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ഭക്ഷ്യസാധനങ്ങൾ എക്സ്പയറി കഴിഞ്ഞതാണോ എന്ന് പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കുക

ഉപഭോക്താക്കൾ, നിർമാതാക്കൾ, വ്യാപാരികൾ, നിയന്ത്രണ ഏജൻസികൾ എന്നിവയുൾപ്പെടെ ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. നാം നിത്യവും കഴിക്കുന്ന ഭക്ഷണങ്ങളുടെ സുരക്ഷക്ക് ആവശ്യമായ അടിസ്ഥാന കാര്യങ്ങൾ വേണ്ട രീതിയിൽ ചെയ്യുന്നത് വഴി ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താനാകുകയും പോഷകമൂല്യം നഷ്ടപ്പെടാതെ തന്നെ ഭക്ഷണങ്ങൾ നമുക്ക് ഉറപ്പാക്കാനാവുകയും ചെയ്യുന്നു. ശുദ്ധമായ ഭക്ഷണം എല്ലാ മനുഷ്യരുടെയും അവകാശമാണ്. എല്ലാത്തിനുമുപരി, ഭക്ഷ്യ സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്വമാണ്.