Connect with us

editorial

ഭക്ഷ്യസുരക്ഷ: കോടതി പിന്നെയും വടിയെടുക്കുന്നു

ഷവര്‍മ അടക്കമുള്ള ഭക്ഷ്യപദാര്‍ഥങ്ങള്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് നേരത്തേ നല്‍കിയ നിര്‍ദേശം നടപ്പാക്കാന്‍ കര്‍ശന ഉത്തരവിട്ടിരിക്കുന്നു ഹൈക്കോടതി.

Published

|

Last Updated

ഷവര്‍മ അടക്കമുള്ള ഭക്ഷ്യപദാര്‍ഥങ്ങള്‍ തയ്യാറാക്കിയ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്ന് നേരത്തേ നല്‍കിയ നിര്‍ദേശം നടപ്പാക്കാന്‍ കര്‍ശന ഉത്തരവിട്ടിരിക്കുന്നു ഹൈക്കോടതി. 2022 മെയില്‍ ഷവര്‍മയില്‍ നിന്നുള്ള വിഷബാധയേറ്റ് കാസര്‍കോട് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മാതാവ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്. കേസില്‍ വാദം കേള്‍ക്കവെ, 2023 നവംബറില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ ഇടക്കാല ഉത്തരവില്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ തയ്യാറാക്കിയ തീയതിയും സമയവും രേഖപ്പെടുത്താന്‍ ഉത്തരവിട്ടിരുന്നതാണ്. വില്‍പ്പന, കൗണ്ടറുകളിലൂടെയായാലും പാഴ്‌സലായാലും ഇത് നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും ലംഘിക്കുന്ന വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. പല സ്ഥാപനങ്ങളും ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് കോടതി പിന്നെയും കര്‍ശന ഉത്തരവ് നല്‍കിയത്.

എന്നാല്‍ പാക്കറ്റില്‍ തീയതിയും സമയവും രേഖപ്പെടുത്തിയത് കൊണ്ടായോ? കാലപ്പഴക്കം കൊണ്ട് മാത്രമല്ല, ഷവര്‍മ തയ്യാറാക്കുന്ന രീതി കൂടിയാണ് മിക്കപ്പോഴും വിഷബാധക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നത്. കോഴിയിറച്ചിയിലെ സാല്‍മൊണെല്ല എന്ന അപകടകാരിയായ ബാക്ടീരിയ ആണ് ഷവര്‍മ മുഖേനയുള്ള വിഷബാധക്ക് മുഖ്യ കാരണം. ഈ ബാക്ടീരിയ നശിക്കണമെങ്കില്‍ 75 ഡിഗ്രി ചൂടില്‍ പത്ത് മിനുട്ടോ 60 ഡിഗ്രി ചൂടില്‍ അരമണിക്കൂറോ വേവണം. സാധാരണ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി കോഴിയിറച്ചി കമ്പിയില്‍ തൂക്കിയിട്ട് വൈദ്യുതി സജ്ജീകരണങ്ങളിലൂടെ ചൂടേല്‍പ്പിച്ചാണ് ഷവര്‍മ തയ്യാറാക്കുന്നതെന്നതിനാല്‍ മതിയായ ചൂടില്‍ അത് വേവുന്നില്ല പലപ്പോഴും. കടകളില്‍ തിരക്ക് കൂടുമ്പോള്‍ ഉള്ളിലെ ഭാഗം ശരിയായി വേവാതെ മാംസം അരിഞ്ഞെടുത്ത് നല്‍കുന്നതും പതിവാണ്.

മാത്രമല്ല, കമ്പിയില്‍ കോര്‍ത്തുവെച്ച് വേവിക്കുന്ന കോഴിയിറച്ചിയില്‍ നിന്ന് ദ്രാവക രൂപത്തിലുള്ള അവശിഷ്ടം താഴെയുള്ള പാത്രത്തിലേക്ക് ഇറ്റിവീഴും. ഈ ദ്രാവകത്തിന് മതിയായ വേവ് ലഭിക്കണമെന്നില്ല. ഇതിലേക്ക് ചിക്കന്‍ അരിഞ്ഞിടുമ്പോള്‍ ബാക്ടീരിയ കടന്നുവരാനുള്ള സാധ്യത കൂടുന്നു. ഒരു അറേബ്യന്‍ ഭക്ഷ്യപദാര്‍ഥമാണ് ഷവര്‍മ. ഗള്‍ഫ് നാടുകളില്‍ ഇത് കൃത്യമായി വേവിച്ചെടുക്കാനുള്ള ഹീറ്ററുകളുണ്ട്. മതിയായ വേവില്‍ തന്നെയാണോ തയ്യാറാക്കുന്നതെന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഷവര്‍മ കഴിച്ചുള്ള ഭക്ഷ്യവിഷബാധ ഗള്‍ഫ് നാടുകളില്‍ അപൂര്‍വമാണ്. നമ്മുടെ നാട്ടിലും മികച്ച ഹീറ്ററുകള്‍ ലഭ്യമാണെങ്കിലും മിക്ക കടകളിലും മതിയായ വേവ് ഉറപ്പ് വരുത്തുന്നില്ല. ഒരു ദിവസത്തെ ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന ഇറച്ചി അടുത്ത ദിവസം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും വിഷബാധക്കിടയാക്കുന്നു.

പഴകിയ ഇറച്ചി ഉപയോഗിച്ച് ഷവര്‍മ തയ്യാറാക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. വഴുതക്കാട്ടെ ഒരു ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച് പത്ത് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍, ഹോട്ടലില്‍ ഉപയോഗിച്ചത് പഴകിയ ഇറച്ചിയാണെന്ന് കണ്ടെത്തിയിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ നാദാപുരത്തും കഴിഞ്ഞ ജൂണില്‍ എറണാകുളം കളമശ്ശേരിയിലും ഷവര്‍മ ഉണ്ടാക്കുന്ന കടകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളില്‍ പഴകിയ കോഴിയിറച്ചി പിടികൂടിയിരുന്നു. കളമശ്ശേരിയിലെ ഒരു കടയില്‍ ഇറച്ചി സൂക്ഷിച്ചിരുന്ന ഫ്രീസര്‍ തുറന്നപ്പോള്‍ കാലപ്പഴക്കം മൂലം ദുര്‍ഗന്ധം വമിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സംസ്ഥാനത്ത് ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതിനായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അന്ന് പരിശോധനക്കിറങ്ങിയത്.

കടകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ നിര്‍മിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാനത്തെ ഷവര്‍മ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനകളില്‍ വൃത്തിശൂന്യത ഉള്‍പ്പെടെ വ്യാപകമായ ക്രമക്കേട് കണ്ടെത്തുകയുണ്ടായി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ വില്‍പ്പന നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവര്‍മയുടെ നിര്‍മാണവും വില്‍പ്പനയും ആരോഗ്യ വകുപ്പ് നിര്‍ത്തിവെപ്പിക്കുകയും 88 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 61 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കുകയും ചെയ്തു. 17.10 ലക്ഷം രൂപ വിവിധയിനങ്ങളില്‍ പിഴയും ഈടാക്കി. 43 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 502 വ്യാപാര സ്ഥാപനങ്ങളിലാണ് അന്ന് റെയ്ഡ് നടന്നത്.

ഷവര്‍മ നിര്‍മാണവും വില്‍പ്പനയും നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കച്ചവടക്കാര്‍ ശാസ്ത്രീയമായ ഷവര്‍മ നിര്‍മാണ രീതിയെക്കുറിച്ച് അറിഞ്ഞിരിക്കണം. കടകളിലെ പാചകവുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ ക്ലാസ്സുകളില്‍ പങ്കെടുക്കുകയും ക്ലാസ്സില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ സ്വന്തം സ്ഥാപനങ്ങളില്‍ പ്രാവര്‍ത്തികമാക്കുകയും വേണം. ആഹാരവസ്തുക്കളുടെ പ്രാഥമികഘട്ട ഉത്പാദന സ്ഥലം മുതല്‍ ഉപയോഗിക്കുന്ന മേശ തുടങ്ങിയവ വൃത്തിയുള്ളതായിരിക്കണം. ഹോട്ടലുകളും റസ്റ്റോറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീന്‍ റേറ്റിംഗ് നേടിയിരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ പല സ്ഥാപനങ്ങളും കൃത്യമായി പാലിക്കുന്നില്ല.

ഷവര്‍മ കഴിച്ച് മരണമോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോഴാണ് ബന്ധപ്പെട്ടവര്‍ പരിശോധനക്കിറങ്ങുന്നത്. ഈ ഘട്ടത്തില്‍ കുറേ സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും പലര്‍ക്കും നോട്ടീസ് നല്‍കുകയും ചെയ്യുമെങ്കിലും ഇനി അടുത്തൊന്നും പരിശോധനക്ക് സാധ്യതയില്ലെന്ന് കടയുടമകള്‍ക്ക് അറിയാവുന്നത് കൊണ്ട് പലരും മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തി വീണ്ടും കച്ചവടം തുടരും. വല്ലപ്പോഴും പരിശോധന എന്ന നിലവിലെ രീതി മാറ്റി മാസത്തില്‍ ഒരു തവണയെങ്കിലും പരിശോധന നടത്താന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ട് വരണം. മതിയായ ജീവനക്കാരില്ലാത്തതാണ് തടസ്സമെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണ്.

Latest