Uae
ഭക്ഷ്യസുരക്ഷ; ഷാര്‍ജയുടെ അനുഭവങ്ങള്‍ പ്രതീക്ഷയാവുന്നു
ഷാര്‍ജ ഭരണാധികാരിയുടെ പ്രത്യേക താത്പര്യമെടുത്തു കൊണ്ടുള്ള ഭക്ഷ്യ സുരക്ഷാ സംരംഭങ്ങള്‍ പ്രാദേശിക വിപണിയെ ശുദ്ധവും സുരക്ഷിതവുമാക്കി മാറ്റുകയാണ്.
ഷാര്‍ജ | ഭക്ഷ്യസുരക്ഷയില്‍ ക്രിയാത്മകവും അസാധാരണവുമായ നീക്കങ്ങളാണ് ഷാര്‍ജ എമിറേറ്റ് നടത്തിവരുന്നത്. ഷാര്‍ജ ഭരണാധികാരിയുടെ പ്രത്യേക താത്പര്യമെടുത്തു കൊണ്ടുള്ള ഭക്ഷ്യ സുരക്ഷാ സംരംഭങ്ങള്‍ പ്രാദേശിക വിപണിയെ ശുദ്ധവും സുരക്ഷിതവുമാക്കി മാറ്റുകയാണ്.
അല്‍ ദൈദ് നഗരത്തിലെ ഹരിതഗൃഹ കൃഷി പദ്ധതിയാണ് ഷാര്‍ജ മുന്നോട്ട് വെച്ച പദ്ധതികളില്‍ ആദ്യത്തേതെന്ന് കൃഷി, കന്നുകാലി വകുപ്പ് മേധാവി ഡോ. ഖലീഫ മുസാബ അല്‍ തുനൈജി പറഞ്ഞു. രാസവസ്തുക്കളില്ലാത്ത ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ചില പ്രധാന പഴങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ് ലക്ഷ്യം.
മലീഹ ഫാമിലെ ഗോതമ്പ് ഉത്പാദനമായിരുന്നു രണ്ടാമത്തെ പദ്ധതി. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ കൃഷി ചെയ്യാന്‍ പറ്റാത്ത ഉത്പന്നമാണ് ഗോതമ്പ് എന്ന് സ്‌പെഷ്യലിസ്റ്റുകളുടെയും പ്രാദേശിക സമൂഹങ്ങളുടെയും മുന്‍കാല ബോധ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഇതിനായി ഷാര്‍ജ മുന്നിട്ടിറങ്ങി. ഗോതമ്പ് ഭക്ഷ്യ ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നതിനാലാണ് അതിന് ശ്രമിച്ചത്. ചൂടുള്ള കാലാവസ്ഥ, ജലദൗര്‍ലഭ്യം, മണ്ണിലെ ലവണാംശം എന്നിവ പ്രതിസന്ധിയായിരുന്നു. എന്നാല്‍ അവയെയെല്ലാം അതിജയിച്ച് മുന്നേറ്റമുണ്ടാക്കി. എമിറേറ്റിലെ വിപണികളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭ്യമായ ഗോതമ്പ് ഉത്പന്നമായി ‘സെവന്‍ സനാബീല്‍’ മാറി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവുമായും കണ്‍ട്രോള്‍ റൂമുമായും ബന്ധിപ്പിച്ചിട്ടുള്ള മണ്ണില്‍ സെന്‍സറുകള്‍ സ്ഥാപിച്ച് ഈ പദ്ധതിയില്‍ കൃത്രിമബുദ്ധി പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ സാങ്കേതിക വിദ്യ പിന്തുടര്‍ന്ന്, ജലത്തിന്റെ 40 ശതമാനം ലാഭിച്ചു.
അടുത്ത സീസണില്‍, ‘ഷാര്‍ജ 1’ എന്ന പേരില്‍ ഒരു പുതിയ ഗോതമ്പ് പുറത്തിറക്കാനാണ് ശ്രമം. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഉത്പന്നത്തിന്റെ ആവശ്യം വര്‍ധിപ്പിക്കാനും, ഈ ആവശ്യം നിറവേറ്റുന്നതുവരെ പദ്ധതിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങള്‍ ഒരു ഘട്ടമായി ലയിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നീക്കം. പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ചെലവ് 25 മുതല്‍ 30 ദശലക്ഷം ദിര്‍ഹത്തിനും ഇടയിലാണ്.
ഈയിടെ രൂപകല്‍പന ചെയ്ത ഡയറി ഫാക്ടറി പദ്ധതി അടുത്ത വര്‍ഷാവസാനം ഉത്പാദനം ആരംഭിക്കും. 5,000 പശുക്കളുള്ള ഫാം ആണ് ആരംഭിക്കുക. ശുദ്ധമായ പാലാണ് ഉത്പാദിപ്പിക്കുക. ശുദ്ധമായ പശു ഇനത്തെ ഉള്‍പ്പെടുത്തിയുള്ള ഒരു ഓര്‍ഗാനിക് ഡയറി ഫാക്ടറിയാകും ഇത്. ‘എ2എ2’ എന്ന് വിളിക്കപ്പെടുന്ന ജനിതക പരിഷ്‌കാരങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ ഇനമാണ് ഉപയോഗിക്കുന്നത്. യൂറോപ്പിലെ ചില ഉറവിടങ്ങളില്‍ നിന്ന് ഇവ കണ്ടെത്താനാണ് ശ്രമം. ഷാര്‍ജയുടെ ഗോതമ്പ് തവിട് ഉത്പന്നമായ ജൈവ കാലിത്തീറ്റയാണ് നല്‍കുക. അവയുടെ അവശിഷ്ടങ്ങള്‍ ഗോതമ്പ് ഫാമില്‍ ജൈവ വളമായി ഉപയോഗിക്കും. അങ്ങിനെ വൃത്താകൃതിയിലുള്ള സമ്പദ് വ്യവസ്ഥ സിദ്ധാന്തം എമിറേറ്റില്‍ ഭക്ഷ്യസുരക്ഷാ സംവിധാനത്തില്‍ രൂപപ്പെടുകയാണ്. അതോടൊപ്പം ഷാര്‍ജ ഭക്ഷ്യ സുരക്ഷാ മേഖലയിലും പുതിയ മുന്നേറ്റത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.