Connect with us

Kerala

ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നവര്‍ മതം സംബന്ധിച്ച ഉത്തരവ് പ്രദര്‍ശിപ്പിക്കണം; മുസഫര്‍ നഗറിലെ ഉത്തരവിനെതിരെ മുസ്‌ലിം ലീഗ്

വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുസ്‌ലിം ലീഗ് എം പിമാര്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | മുസഫര്‍ നഗര്‍ ജില്ലയിലെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന എല്ലാവരും അവരുടെ മതം സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധവും സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കുന്നതുമാണെന്നും മുസ്‌ലിം ലീഗ്. നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് എം പിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, ഡോ. എം പി. അബ്ദുസ്സമദ് സമദാനി, നവാസ്ഗനി, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായും എം പിമാര്‍ അറിയിച്ചു. ഈ ഉത്തരവ് നിരവധി മുസ്‌ലിം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയും അതുവഴി സാമുദായിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാഷ്ട്രത്തിന്റെ മഹത്തായ നാനാത്വത്തില്‍ ഏകത്വം മനസ്സില്‍വെച്ച്, നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ ഉത്തരവ് പിന്‍വലിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

മുസഫര്‍ നഗര്‍ ജില്ലയിലെ മുസ്‌ലിം കച്ചവടക്കാരെ ലക്ഷ്യം വെച്ച് വര്‍ഗീയമായി വേര്‍തിരിക്കുന്നതിനു വേണ്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ഈ ഉത്തരവിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കാവഡ് യാത്രക്കാര്‍ മുസ്‌ലിം കച്ചവടക്കാരില്‍ നിന്നും ഭക്ഷണങ്ങളും മറ്റും വാങ്ങുന്നത് തടയുക എന്ന ലക്ഷ്യവും തീരുമാനത്തിന്റെ പിന്നിലുണ്ടെന്നും ലീഗ് എം പിമാര്‍ പറഞ്ഞു.

രാജസ്ഥാന്‍, ഹരിയാന, പടിഞ്ഞാറന്‍ യു പി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന കാവഡ് യാത്ര കൂടുതല്‍ ദൂരം താണ്ടുക മുസഫര്‍ നഗര്‍ ജില്ലയിലൂടെയാണ്. പതിറ്റാണ്ടുകളായി ഈ യാത്ര വളരെ സമാധാനപരമായാണ് ഈ പ്രദേശങ്ങളിലുടെ കടന്നുപോകുന്നത്. മുസ്‌ലിം ഭൂരിപക്ഷമുള്ള മുസഫര്‍ നഗര്‍, സഹാന്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെ യാത്ര കടന്നുപോകുന്നുണ്ടെങ്കിലും യാത്രയ്ക്കിടിയില്‍ ഒരു വര്‍ഗീയ പ്രശ്നവും ഇന്നുവരെ ഉണ്ടായിട്ടില്ല.

 

Latest