National
തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയെ ഡല്‍ഹി കൃഷി ഭവനുള്ളില്‍ പോലീസ് വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഒരു എം പിയോടാണോ ഇങ്ങനെ പെരുമാറുന്നതെന്നു മഹുവ ചോദിക്കുന്നു
ന്യൂഡല്‍ഹി | ഡല്‍ഹി കൃഷി ഭവനുള്ളില്‍ പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയെ ഓഫീസിനുള്ളില്‍ പോലീസ് വലിച്ചിഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൃഷിഭവന്‍ പരിസരത്ത് നിന്നു തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാരെ ഡല്‍ഹി പോലീസ് വലിച്ചിഴ്ക്കുന്നതിന്റെ വീഡിയോ എം പി മഹുവ മൊയ്ത്ര തന്നെ എക്‌സില്‍ പങ്കുവച്ചു. ഒരു എം പിയോടാണോ ഇങ്ങനെ പെരുമാറുന്നതെന്നു മഹുവ ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ഒരു മന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് നല്‍കിയ ശേഷം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് ഇങ്ങനെയാണ് പെരുമാറുന്നത്. മൂന്നു മണിക്കൂര്‍ കാത്തിരുന്ന ശേഷം ഞങ്ങളെ കാണാന്‍ അവര്‍ വിസമ്മതിച്ചതായും മഹുവ പറഞ്ഞു.
കൂടിക്കാഴ്ചയ്ക്കു മന്ത്രി സ്വാതി നിരഞ്ജന്‍ ജ്യോതി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കൃഷി ഭവനില്‍ നേതാക്കള്‍ സത്യാഗ്രഹം ആരംഭിക്കുകയായിരുന്നു. കൃഷിഭവനിലെ കുത്തിയിരിപ്പു സമരത്തെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി അഭിഷേക് ബാനര്‍ജി, ഡെറക് ഒബ്രിയാന്‍, മറ്റ് നിരവധി നിയമസഭാംഗങ്ങള്‍ എന്നിവരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പശ്ചിമ ബംഗാളിനെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് എതിരെയുള്ള തുടര്‍ പ്രക്ഷോഭങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ച് തന്നെ തുടരുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനം ഉണ്ടാവും. ജന്തര്‍ മന്ദറില്‍ നടന്ന മഹാറാലിയില്‍ പ്രവര്‍ത്തകരെ പോലീസ് നേരിട്ടാല്‍ ബംഗാളില്‍ തിരിച്ചടി നല്‍കുമെന്നും തൃണമൂല്‍ ഭീഷണി മുഴക്കി.