save arjun
അര്‍ജുനായി തിരച്ചില്‍; മലയാളി രക്ഷാപ്രവര്‍ത്തകരെ നീക്കാന്‍ ശ്രമം
20 പേര്‍ക്ക് സ്ഥലത്ത് തുടരാന്‍ അനുമതി
ബെഗളുരു | കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ നടക്കുന്നതിനിടെ മലയാളി രക്ഷാപ്രവര്‍ത്തകരോട് സ്ഥലത്തുനിന്നു തിരികെ പോകാന്‍ കര്‍ണാടക പോലീസ് ആവശ്യപ്പെട്ടത് തര്‍ക്കത്തിനിടയാക്കി.
രക്ഷാപ്രവര്‍ത്തകന്‍ രഞ്ജിത്ത് ഇസ്രയേല്‍ അടക്കമുള്ളവരോട് കര്‍ണാടക പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപണമുണ്ട്. എന്നാല്‍ പിന്നീട് 20 സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സ്ഥലത്ത് തുടരാന്‍ അനുമതി നല്‍കി. സന്നദ്ധ പ്രവര്‍ത്തകരെ പുറത്താക്കിയ പോലീസുമായി കോഴിക്കോട് എം പി എം കെ രാഘവന്‍ സംസാരിച്ചു. കൂടുതല്‍ മണ്ണിടിച്ചിനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കൂടുതല്‍ ആള്‍ക്കാര്‍ തിരച്ചില്‍ സ്ഥലത്ത് ഉണ്ടാവരത് എന്നു പോലീസ് പറയാന്‍ കാരണമെന്ന് അദ്ദേഹം പ്രതികരിച്ചു.
മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയില്‍ ലോഹ സാന്നിധ്യത്തിന്റെ സിഗ്നല്‍ ലഭിച്ചെന്ന് വിവരം ലഭിച്ചതിനാല്‍ തെരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്. ലോറിയെന്ന സംശയത്തില്‍ മണ്ണ് നീക്കി പരിശോധന നടക്കുന്നു. എട്ട് മീറ്റര്‍ താഴ്ച്ചയില്‍ മെറ്റല്‍ സാന്നിധ്യമെന്നാണ് സൂചന. ഒരിടത്ത് കൂടി സിഗ്നല്‍ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഭാഗമാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. എട്ട് മീറ്റര്‍ വരെ പരിശോധന നടത്താനാകുന്ന റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്.