Uae
ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിന് ആശുപത്രി സാമഗ്രികള്‍ കണ്ടുകെട്ടി
ജീവനക്കാര്‍ക്കു നല്‍കേണ്ട കടങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ ആശുപത്രി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നടപടി.
ദുബൈ|ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിന് ഒരു ദുബൈ ഹെല്‍ത്ത് കെ യര്‍ ഫെസിലിറ്റിയിലെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടു. ക്ലിനിക്കിലെ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും പട്ടികപ്പെടുത്താന്‍ കോടതി എക്സിക്യൂട്ടറെ നിയോഗിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ പരിശോധന നടത്തി മൂല്യം നിശ്ചയിച്ചു. എക്‌സ്‌റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ദശലക്ഷക്കണക്കിന് ദിര്‍ഹം വിലമതിക്കുന്ന ബ്രോങ്കോസ്‌കോപ്പി, നൂതന ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു.
രോഗികളുടെ കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, രക്തസമ്മര്‍ദ മോണിറ്ററുകള്‍ തുടങ്ങി അവശ്യസാധനങ്ങളും കണ്ടുകെട്ടി. 17 ലക്ഷം ദിര്‍ഹം വിലമതിക്കുന്നതാണിവ. ഒരു കത്തീറ്ററൈസേഷന്‍ കാര്‍ഡിയാക് സിസ്റ്റവും ഏറ്റവും മൂല്യവത്തായ ആസ്തികളില്‍ ഉള്‍പ്പെടുന്നു. ജീവനക്കാര്‍ക്കു നല്‍കേണ്ട കടങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ ആശുപത്രി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നടപടി. ബാധ്യതകള്‍ നിറവേറ്റാന്‍ ആശുപത്രിക്കു കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ആസ്തികള്‍ കണ്ടുകെട്ടാന്‍ കോടതി അനുമതി നല്‍കി. ശമ്പളമില്ലാതെ മാസങ്ങളോളം സഹിച്ച ആശുപത്രി ജീവനക്കാരില്‍ നിന്ന് ഈ തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ‘വളരെക്കാലം, ആശുപത്രി ഞങ്ങളെ വിഷമിപ്പിച്ചു.’ ഒരു മുന്‍ ഫിസിഷ്യന്‍ പറഞ്ഞു.