Connect with us

National

67 പേര്‍ക്കും മുഴുവന്‍ മാര്‍ക്കുമെന്നത് ചരിത്രത്തില്‍ ആദ്യം; നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാല്‍ പുന:പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി

പട്നയില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്തുവെന്നും കേന്ദ്രസര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സുപ്രീംകോടതി. നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായാല്‍ പുനഃപരീക്ഷ നടത്താമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ചോപേപ്പര്‍ ചോര്‍ച്ചയുടെ വ്യാപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുനഃപരീക്ഷയിലേക്ക് നീങ്ങണമെന്നും കോടതി വ്യക്തമാക്കി. നീറ്റ് യു ജി പരീക്ഷ സംബന്ധിച്ച 38-ഓളം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ അതിന്റെ വ്യാപ്തി അറിയേണ്ടതുണ്ട്. ക്രമക്കേടിന്റെ ഗുണം പറ്റിയവരെ എത്രയും വേഗം കണ്ടെത്തണമെന്നുംചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ചോര്‍ന്നതെങ്കില്‍ വ്യാപകമായി പ്രചരിക്കാന്‍ സാധ്യതയില്ലേന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ക്രമക്കേടിന്റെ ഗുണഭോക്താക്കളെ കണ്ടെത്തിയില്ലെങ്കില്‍ പുനഃപരിക്ഷ നടത്താമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.പരീക്ഷ റദ്ദാക്കിയാല്‍ 24 ലക്ഷം വിദ്യാര്‍ത്ഥികളെ അതു ബാധിക്കും. ഒരു പരീക്ഷയില്‍ ഒന്നോ രണ്ടോ പേര്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങിച്ചേക്കാം. എന്നാല്‍ 67 പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കുകയെന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അതേ സമയം പട്നയില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും കുറ്റക്കാരെ അറസ്റ്റ് ചെയ്തുവെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

നീറ്റ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതു മുതല്‍ വിതരണം ചെയ്തതു വരെയുള്ള വിശദാംശങ്ങള്‍ കോടതി ആരാഞ്ഞു. പുനഃപരീക്ഷ ആവശ്യപ്പെടുന്ന എല്ലാ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒറ്റ അപേക്ഷ നല്‍കാനും കോടതി നിര്‍ദേശിച്ചു. എന്തുകൊണ്ട് പുനഃപരീക്ഷ നടത്തണമെന്നതില്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം ഹര്‍ജി നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നീറ്റുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീംകോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും