Connect with us

National

ആദ്യമായി രാഷ്ട്രപതി ഭവൻ വിവാഹവേദിയാകുന്നു; അപൂർവ ഭാഗ്യം സിആർപിഎഫ് ഉദ്യോഗസ്ഥക്ക്

പൂനം ഗുപ്തയുടെ മികച്ച പ്രകടനം രാഷ്ട്രപതിയെ ഏറെ ആകർഷിച്ചിരുന്നു. തുടർന്ന് അവരുടെ വിവാഹം രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിൽ നടത്താൻ ഏർപ്പാടുകൾ ചെയ്യുകയായിരുന്നു.

Published

|

Last Updated

രാഷ്ട്രപതി ഭവൻ. ഇൻസെറ്റിൽ പൂനം ഗുപ്ത

ന്യൂഡൽഹി | രാഷ്ട്രപതി ഭവൻ സാധാരണയായി രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായും, വിദേശ രാഷ്ട്രത്തലവന്മാർ ഇന്ത്യ സന്ദർശിക്കുമ്പോൾ താമസിക്കുന്ന സ്ഥലമായുമാണ് അറിയപ്പെടുന്നത്. എന്നാൽ, ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിന് വേദിയാകാൻ പോവുകയാണ് എന്ന് മിന്റ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) ഉദ്യോഗസ്ഥ പൂനം ഗുപ്തയ്ക്കാണ് ഈ അപൂർവ ഭാഗ്യം ലഭിക്കുന്നത്. രാഷ്ട്രപതിയുടെ പേർസണൽ സെക്യൂരിറ്റി ഓഫീസർ കൂടിയായ പൂനത്തിന്റെ വിവാഹം രാഷ്ട്രപതി ഭവനിൽ നടത്താൻ ദ്രൗപതി മുർമു അനുമതി നൽകുകയായിരുന്നു. പ്രത്യേകം തിരഞ്ഞെടുക്കപ്പെടുന്ന ചുരുക്കം അതിഥികൾ മാത്രമേ കല്യാണത്തിൽ പങ്കെടുക്കാവൂ എന്ന വ്യവസ്ഥയോടെയാണ് അനുമതി.

പൂനം ഗുപ്തയുടെ മികച്ച പ്രകടനം രാഷ്ട്രപതിയെ ഏറെ ആകർഷിച്ചിരുന്നു. തുടർന്ന് അവരുടെ വിവാഹം രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിൽ നടത്താൻ ഏർപ്പാടുകൾ ചെയ്യുകയായിരുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഇതുവരെ വന്നിട്ടില്ല.

സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റാണ് പൂനം ഗുപ്ത. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് കമാൻഡന്റ് അവനീഷ് കുമാറാണ് വരൻ. ഫെബ്രുവരി 12 നാണ് വിവാഹം.

പൂനം ഗുപ്ത ഗണിതത്തിൽ ബിരുദവും, ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും, ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽ നിന്ന് ബിഎഡും നേടിയിട്ടുണ്ട്. യുപിഎസ്‌സി സിഎപിഎഫ് പരീക്ഷയിൽ 81-ാം റാങ്കാണ് നേടിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബീഹാറിലെ നക്സൽ ബാധിത പ്രദേശത്തും പൂനം ഗുപ്ത ജോലി ചെയ്തിട്ടുണ്ട്.

Latest