Connect with us

Kerala

പരുക്കേറ്റവര്‍ക്ക് മുറിവിനേക്കാള്‍ വേദന മനസിന്, കാണാതായവരെ കണ്ടെത്തുക എന്നതാണ് പ്രധാന കടമ്പ; മന്ത്രി വി എന്‍ വാസവന്‍

സൈന്യം, എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും  സഹായിക്കുന്നുണ്ട്. എല്ലാ ജില്ലകളില്‍ നിന്നും സഹായങ്ങള്‍ എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Published

|

Last Updated

വയനാട് | വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ പരുക്കേറ്റവര്‍ക്ക് മുറിവിനേക്കാള്‍ വേദന മനസിനാണെന്ന് മന്ത്രി വി എന്‍ വാസവന്‍.ഇത്തരക്കാര്‍ക്ക് കൗണ്‍സിലിംഗ് ഉള്‍പ്പെടെ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത മാനസിക സാഹചര്യത്തിലാണ് ഓരോരുത്തരും. ജീവന്‍ നിലനിര്‍ത്തും പോലെ തന്നെ പ്രധാനമാണ് ഇവരുടെ മാനസിക നില സാധാരഗതിയിലാക്കുക എന്നതും. ഇതിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ തീര്‍ച്ചയായും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ദുരന്തമുഖത്ത് കുടുങ്ങിപ്പോയവര്‍ക്കായി ഭക്ഷണവും മറ്റവശ്യവസ്തുക്കളും എത്തിച്ചു നല്‍കി. ക്യാമ്പുകളില്‍ കഴിയുന്ന 3069 ആളുകള്‍ക്ക് സഹായവുമായി യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാണാതായവരെ കണ്ടെത്തുക എന്നതാണ് മുന്നിലുള്ള കടമ്പ. അതിനുവേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ചെയ്യുന്നുണ്ട്. സൈന്യം, എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും  സഹായിക്കുന്നുണ്ട്. എല്ലാ ജില്ലകളില്‍ നിന്നും സഹായങ്ങള്‍ എത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 174 ആയി ഉയര്‍ന്നു. കാണാതായെന്ന് ബന്ധുക്കള്‍ വിവരം നല്‍കിയ 200ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍, 98 പേരെയാണ് കാണാനില്ലാത്തതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ചൂരല്‍മലയില്‍ സൈന്യം ഇന്ന് രാവിലെ ആറോടെ തന്നെ രക്ഷാദൗത്യം പുനരാരംഭിച്ചിട്ടുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തുമെന്ന് റിപോര്‍ട്ടുണ്ട്.

ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ബെയ്ലി പാലം നിര്‍മ്മിക്കാന്‍ സൈന്യം ഒരുങ്ങി. കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ വയനാട്ടിലേക്ക് എത്തിച്ചത്.

Latest