Connect with us

Eranakulam

ഖുര്‍ആന്‍ അംഗീകരിക്കുന്നവര്‍ക്ക് നബിദിനാഘോഷങ്ങളില്‍ സംശയമില്ല: പേരോട്

'നബിയുടെ ജന്മദിനത്തില്‍ സന്തോഷിക്കുന്നത് അനാചാരമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇസ്‌ലാം വിരോധിക്കാത്ത കാലാനുസൃതമായി വന്ന സത്കര്‍മങ്ങള്‍ അനാചാരമായി തള്ളാന്‍ കഴിയുന്നതല്ല.'

Published

|

Last Updated

കൊച്ചി | പരിശുദ്ധ ഖുര്‍ആനിനെയും ഇമാമീങ്ങളെയും അംഗീകരിക്കുന്ന ആര്‍ക്കും നബിദിനാഘോഷങ്ങളില്‍ സംശയമില്ലെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം പേരോട് അബ്ദുറഹ്മാന്‍ സഖാഫി. നൂറ്റാണ്ടുകളായി മക്കയിലും മദീനയിലും ഗംഭീരമായ മൗലീദ് പരിപാടികള്‍ നടന്നിരുന്നു. ഭരണകര്‍ത്താക്കള്‍ക്ക് വസ്തുതകള്‍ ബോധ്യമായപ്പോള്‍ മൗലീദുകള്‍ പുനസ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നബിദിദിന വിരോധികള്‍ പ്രവാചകരുടെ വിശദീകരണങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ല. നബിയുടെ ജന്മദിനത്തില്‍ സന്തോഷിക്കുന്നത് അനാചാരമാണെന്ന് തെറ്റിദ്ധരിക്കരുത്. ഇസ്‌ലാം വിരോധിക്കാത്ത കാലാനുസൃതമായി വന്ന സത്കര്‍മങ്ങള്‍ അനാചാരമായി തള്ളാന്‍ കഴിയുന്നതല്ലെന്നും പേരോട് പറഞ്ഞു.

മീലാദ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജില്ലാ നബിദിന റാലിയും ഗ്രാന്റ് മൗലീദ് സദസ്സും സംഘടിപ്പിച്ചു. പരിപാടിയില്‍ സയ്യിദ് ബദവി തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ വി എച്ച് അലി ദാരിമി അധ്യക്ഷത വഹിച്ച സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സാരഥി സി ടി ഹാഷിം തങ്ങള്‍ ആമുഖ പ്രഭാഷണവും എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ത്വാഹാ തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്, ജില്ലാ മെന്റര്‍ സയ്യിദ് ഫസല്‍ തങ്ങള്‍ പ്രസംഗിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി എ ഹൈദ്രോസ് ഹാജി സ്വാഗതവും എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാന്‍ സഖാഫി നന്ദിയും പറഞ്ഞു.

 

Latest