National
മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നിര്‍ത്തി റാഗ് ചെയ്തു; എംബിബിഎസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
അനില്‍ മെതാനിയ (18) ആണ് മരിച്ചത്.
അഹമ്മദാബാദ്| ഗുജറാത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി നിര്‍ത്തി റാഗ് ചെയ്തതിനെ തുടര്‍ന്ന് എംബിബിഎസ് വിദ്യാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. ഗുജറാത്തിലെ പടാന്‍ ജില്ലയിലെ ജിഎംഇആര്‍എസ് മെഡിക്കല്‍ കോളജിലാണ് സംഭവം. അനില്‍ മെതാനിയ (18) ആണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവമുണ്ടായത്.
വിദ്യാര്‍ത്ഥി കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോസ്റ്റലിലെ സീനിയേഴ്‌സ് നടത്തിയ റാഗിങ്ങിനിടയില്‍ മൂന്ന് മണിക്കൂറോളമാണ് അനില്‍ മെതാനിയ അടക്കമുള്ളവരെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ത്തിയത്. പിന്നാലെ അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചതെന്ന് കോളജ് ഡീന്‍ ഡോ. ഹാര്‍ദിക് ഷാ പറഞ്ഞു. കോളജിലെ റാഗിംഗ് വിരുദ്ധ സമിതി വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ റാഗിങിന് ഉത്തരവാദികളാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ഹാര്‍ദിക് ഷാ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ബലിസാന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും അനില്‍ മെതാനിയയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.