Connect with us

First Gear

ഫോഴ്സ് ഗൂര്‍ഖ എസ് യുവിയുടെ വില വര്‍ധിപ്പിച്ചു

ഇന്ത്യന്‍ ഓഫ്‌റോഡറുകളില്‍ വിലസുന്ന പുത്തന്‍ മഹീന്ദ്ര ഥാറിന് വെല്ലുവിളി ഉയര്‍ത്തിയാണ് ഗൂര്‍ഖയെത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഫോഴ്സ് മോട്ടോഴ്സ് ഈ മാസം മുതല്‍ 4എക്‌സ്4 ഓഫ്-റോഡ് എസ് യുവി ഗൂര്‍ഖയുടെ വില വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, ഫോഴ്സ് ഗൂര്‍ഖ എസ് യുവിയുടെ പ്രാരംഭ വില 14.10 ലക്ഷം രൂപയായി (എക്‌സ്-ഷോറൂം) പുതുക്കി എന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ ഈ എസ് യുവി പുറത്തിറക്കിയ വിലയേക്കാള്‍ 51,000 രൂപയുടെ വര്‍ധനയാണിത്.

ഫോര്‍സ് മോട്ടോഴ്സ് ഓഫ്-റോഡ് എസ് യുവി 2021 സെപ്തംബര്‍ 27 ന് 13.59 ലക്ഷം രൂപ എക്സ് ഷോറൂം പ്രാരംഭ വിലയില്‍ ആണ് പുറത്തിറക്കിയത്. പുതിയ തലമുറയില്‍, മഹീന്ദ്ര ഥാര്‍ എസ്യുവിക്ക് എതിരാളിയായി ഗൂര്‍ഖ ഡിസൈന്‍ പരിഷ്‌ക്കരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ച് നവീകരിച്ചു.

രണ്ടാം തലമുറ ഫോഴ്സ് ഗൂര്‍ഖ എസ്യുവി ഇപ്പോള്‍ ഒരു സാഹസിക ജീവിതശൈലി വാഹനമായാണ് പ്രത്യക്ഷപ്പെടുന്നത്. നിരവധി സുഖസൗകര്യങ്ങളും ആധുനിക സവിശേഷതകളും അവതരിപ്പിക്കുന്നു. പുതിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം ബോള്‍ഡര്‍ ലുക്കിലാണ് എസ്യുവി. പുതിയ ഫോഗ് ലാമ്പുകള്‍ക്ക് മുകളില്‍ ഇരിക്കുന്ന വൃത്താകൃതിയിലുള്ള ബൈ-എല്‍ഇഡി ഹെഡ്ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലുകളും ഇതിന് ചുറ്റുമുണ്ട്. രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, ലോക്കിങ് ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍-വീല്‍ ഡ്രൈവ് തുടങ്ങിയ പ്രത്യേകതകള്‍ വാഹനത്തിനുണ്ട്. പുതിയ ഗൂര്‍ഖയുടെ ഡിസൈന്‍ പഴയ മോഡലിന് ഏതാണ്ട് സമാനമാണ്. എന്നാല്‍ വാഹനത്തിന്റെ മുഴുവന്‍ ബോഡി ഷെല്ലും മാറിയിട്ടുണ്ട്. മഹീന്ദ്ര ഥാര്‍ രൂപകല്‍പനയുടെ ആധാരം ജീപ്പ് റാംഗ്ലറാണെങ്കില്‍ ഫോഴ്‌സ് മോട്ടോഴ്‌സ് ഗൂര്‍ഖയെ സൃഷ്ടിച്ചത് മെഴ്‌സിഡീസ് ജി വാഗനാണ്.

ബെന്‍സിന്റേതാണ് വാഹനത്തിന്റെ എഞ്ചിനും ഗീയര്‍ബോക്‌സും. ബിഎസ്6 നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് കമ്പനി പഴയ 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നവീകരിച്ചു. ഈ എഞ്ചിന്‍ 91എച്ച്പിയും 250എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. പഴയ ഗൂര്‍ഖ എക്സ്ട്രീമിന്റെ 140 എച്ച്പി 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇനി ഉണ്ടാവില്ല. ഇന്ത്യന്‍ ഓഫ്‌റോഡറുകളില്‍ വിലസുന്ന പുത്തന്‍ മഹീന്ദ്ര ഥാറിന് വെല്ലുവിളി ഉയര്‍ത്തിയാണ് ഗൂര്‍ഖയെത്തുന്നത്.