National
നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയെ ബാധിക്കും: സുപ്രീം കോടതി
ഇത് ഗൗരവകരമായ വിഷയമാണെന്നും ഇക്കാര്യത്തിൽ കേന്ദ്രം ഇടപടണമെന്നും സുപ്രീം കോടതി
ന്യൂഡൽഹി | നിർബന്ധിത മതപരിവർത്തനം രാജ്യസുരക്ഷയെ ബാധിക്കുമെന്ന് സുപ്രീം കോടതി. ഇത് ഗൗരവകരമായ വിഷയമാണെന്നും ഇക്കാര്യത്തിൽ കേന്ദ്രം ഇടപടണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാഗ്ദാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയുമുള്ള മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കൂടിയായ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ് നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന് കോടതി നിർദേശം നൽകി.
നിർബന്ധിത മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ പ്രയാസകരമായ സാഹചര്യമുണ്ടാകുമെന്ന് ജസ്റ്റിസുമാരായ എം ആർ ഷാ, ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യത്തിൽ കൃത്യമായ നടപടി വേണം. എന്തു നടപടിയാണെടുക്കുന്നതെന്ന കാര്യം കോടതിയെ അറിയിക്കണം. മതസ്വാതന്ത്രത്തെയും ബാധിക്കുന്ന കാര്യമാണിതെന്നും കോടതി വ്യക്തമാക്കി. മതസ്വാതന്ത്ര്യമാകാം. പക്ഷേ, നിർബന്ധിത മതപരിവർത്തനം വഴി മതസ്വാതന്ത്ര്യമുണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലിയിൽ പോലും നിർബന്ധിത മതപരിവർത്തനം ചർച്ച ചെയ്യപ്പെട്ടതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. ഒഡിഷ സർക്കാറും മധ്യപ്രദേശ് സർക്കാറും നിർബന്ധിത മതപരിവർത്തനം തടഞ്ഞ് നിയമനിർമാണം നടത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസ് വീണ്ടും നവംബര്‍ 28ന് പരിഗണിക്കും.