Connect with us

National

രീതിയും സമയവും ലക്ഷ്യവും സേനകള്‍ക്ക് തീരുമാനിക്കാം; പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിക്കാന്‍ സേനകള്‍ പൂര്‍ണ സ്വാതന്ത്യം നല്‍കി പ്രധാനമന്ത്രി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവരുമായി ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം

Published

|

Last Updated

ന്യൂഡല്‍ഹി |  പഹല്‍ഗാം ഭീകരാക്രമണത്തിനു ഉചിതമായി തിരിച്ചടി നല്‍കാന്‍ ഒരുങ്ങി ഇന്ത്യ. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവരുമായി ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഭീകരതക്കെതിരെ ശക്തമായി തിരിച്ചടിക്കുകയെന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ഇന്ത്യന്‍ സൈന്യത്തില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. 2019ലെ പുല്‍വാമ ആക്രമണത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹല്‍ഗാമിലേത്. 26 പേരാണ് പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്

ആക്രമണത്തിന് ഉത്തരവാദികളായ ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കണ്ടെത്തുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ച് ഇന്ത്യയ്ക്കെതിരെ ഭീകരതയെ സ്പോണ്‍സര്‍ ചെയ്ത ചരിത്രമുള്ള പാകിസ്ഥാനെ പരാമര്‍ശിച്ചുകൊണ്ടാണ് മോദി ഇക്കാര്യം പറഞ്ഞത്. ഭീകരതക്കുള്ള ശിക്ഷ അവരുടെ സങ്കല്‍പ്പത്തിനും അപ്പുറമായിരിക്കും എന്നും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മോദി പറഞ്ഞിരുന്നു.

 

Latest