Connect with us

Story

പ്രവചനം

"ദയവു ചെയ്‌ത്‌ അങ്ങനെ പറയല്ലേ സാറേ. നാളെ ഒരേയൊരു ദിവസം മഴ പെയ്യില്ലയെന്ന് ഒന്ന് പ്രവചനം നടത്തിയാൽ മതി സാർ. അതുകഴിഞ്ഞ് എത്ര ദിവസം വേണമെങ്കിലും നിങ്ങൾ മഴ പെയ്യിച്ചോളൂ...

Published

|

Last Updated

പുറത്തെ മഴയിലും ശങ്കരന്റെ മനസ്സിൽ തീയാളുകയായിരുന്നു.

മഴയിങ്ങനെ പെയ്തുകൊണ്ടിരുന്നാൽ എല്ലാം അവതാളത്തിലാകുമല്ലോ ഈശ്വരന്മാരെ… ശങ്കരൻ മനസ്സുരുകി പ്രാർഥിച്ചു.
രണ്ട് ദിവസം കഴിഞ്ഞ് ശങ്കരന്റെ ഏക മകളുടെ കല്യാണമാണ്. ഈ മഴയിൽ എല്ലാം താറുമാറാകുമല്ലോ എന്ന ആധിയായിരുന്നു ശങ്കരനെ മഥിച്ചുകൊണ്ടിരുന്നത്.
പത്രത്തിലെ കാലാവസ്ഥാ പ്രവചനം നോക്കിയിട്ടാണ് ഈ ദിവസം തന്നെ കല്യാണത്തിനായി ശങ്കരൻ തിരഞ്ഞെടുത്തത്. ഈ മാസം മുഴുവൻ വരണ്ട കാലാവസ്ഥയായിരിക്കുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. കാലാവസ്ഥാ പ്രവചനം ഒരിക്കലും തെറ്റാറില്ല. മഴ പെയ്യുമെന്ന് അവർ പറഞ്ഞാൽ കണിശമായും മഴ പെയ്‌തിരിക്കും. വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് പറഞ്ഞാൽപ്പിന്നെ ഒരിക്കലും മഴ പെയ്യത്തുമില്ല.

എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു അവരുടെ മലക്കംമറച്ചിൽ. കഴിഞ്ഞയാഴ്ചയാണ് അവർ പെട്ടെന്ന് അവരുടെ മുൻപ്രവചനം തിരുത്തിയത്. പടിഞ്ഞാറൻ ഉൾക്കടലിൽ പെട്ടെന്ന് രൂപംകൊണ്ട ന്യൂനമർദം കാരണം അടുത്ത രണ്ട് ദിവസം കേരളത്തിൽ പരക്കെ മഴ പെയ്യുമെന്നാണ് കഴിഞ്ഞയാഴ്ച അവരുടെപ്രവചനമുണ്ടായത്. അവർ പറഞ്ഞാൽ പറഞ്ഞതാണല്ലോ. അവർ പ്രവചിച്ച് കുറച്ചു കഴിഞ്ഞപ്പോൾ മഴയും തുടങ്ങി. രണ്ട് ദിവസം തകർത്തു പെയ്‌തു മഴ.
എന്നാൽ, രണ്ടാമത്തെ ദിവസം വീണ്ടും പ്രവചനം വന്നു. അടുത്ത രണ്ട് ദിവസം കൂടി കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമത്രെ. അതങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്‌തു.
പക്ഷേ നാല് ദിവസം കഴിഞ്ഞ് പിന്നീടുണ്ടായ പ്രവചനം രണ്ടാഴ്ച മുഴുവൻ മഴയുണ്ടാകുമെന്നായിരുന്നു. അതാണ് ശങ്കരനെയാകെ തളർത്തിക്കളഞ്ഞത്. അവർ പ്രവചിച്ച ആ രണ്ടാഴ്ചയുടെ തുടക്കത്തിലാണ് ശങ്കരന്റെ മോളുടെ കല്യാണം.

കല്യാണമണ്ഡപത്തിലാണ് വിവാഹച്ചടങ്ങുകളെങ്കിലും ഇട്ടാവട്ടത്തിലുള്ള ശങ്കരന്റെ പഴയ ഓടിട്ട വീടിന്റെ അവസ്ഥ മഴയത്ത് ഒന്നുകൂടി ശോചനീയമായി. മുറികളിൽ പലയിടത്തും മഴവെള്ളം ചോർന്നു വീഴാൻ തുടങ്ങി. വീട് പുതുക്കിപ്പണിയാൻ കരുതിവെച്ചിരുന്ന പണം കൂടിയെടുത്താണ് കല്യാണത്തിനുവേണ്ട അവസാന ഒരുക്കങ്ങൾ കൂടി നടത്തിയത്. വിവാഹം കഴിയുന്നതുവരെ കല്യാണമണ്ഡപത്തിൽ താമസിക്കാൻ പറ്റില്ലല്ലോ. ഇനിയെന്തു ചെയ്യും ? ശങ്കരൻ തലപുകഞ്ഞാലോചിച്ചു.
ഒടുവിൽ ശങ്കരന്റെ മനസ്സിൽ ഈശ്വരൻ കാട്ടിക്കൊടുത്തതുപോലെ ഒരു വഴി തെളിഞ്ഞു. കടിച്ച പാമ്പിനെകൊണ്ടുതന്നെ വിഷമിറക്കിക്കുന്ന വിദ്യ.
എവിടൊന്നൊക്കെയോ ആരുടെയോ കൈയും കാലും പിടിച്ച് ശങ്കരൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ചു. എന്നിട്ട് പിറ്റേദിവസം തന്നെ നേരെ അങ്ങോട്ടേക്ക് ശങ്കരൻ വിളിച്ചു.

“ഹലോ… കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമല്ലേ ?’ ശങ്കരൻ ചോദിച്ചു.
“അതെ. ആരാണ് ? എന്താ കാര്യം ?’ മറുപടി വന്നു.
“ഞാൻ തെക്കേ തൊട്ടുകരയിൽ നിന്നും ശങ്കരനാണ്…’ ശങ്കരൻ പറഞ്ഞു.
“ആയിക്കോട്ടെ… എന്താ വേണ്ടത് ?’ തീർത്തും സൗമ്യമായിട്ടായിരുന്നു അവരുടെ മറുപടി. അത് ശങ്കരന്റെ മനം കുളിർപ്പിച്ചു.
“സാറേ… ഒരു സഹായം വേണമായിരുന്നു…’
“എന്ത് സഹായം…?’ ആശ്ചര്യത്തോടെയുള്ള മറുപടി.
“അല്ല സാറേ… നാളെ എന്റെ മകളുടെ കല്യാണമാണ്…’ ശങ്കരൻ ഇടർച്ചയോടെ പറഞ്ഞു.
“അതിന്…?’ മറുപടിയിൽ ജിജ്ഞാസ.
“സാറേ… ഇവിടെ അപ്പടി മഴയാ…’
“അതിന് …?’ വീണ്ടും ജിജ്ഞാസ.
“അതുപിന്നെ സാറേ…’ ഒന്നുനിർത്തി ശ്വാസം നേരെയെടുത്ത് ശങ്കരൻ പറഞ്ഞു : “നിങ്ങളാ മഴയൊന്ന് നിർത്തിത്തന്നാൽ വളരെ ഉപകാരമായിരുന്നു. എന്റെ മോളുടെ കല്യാണം ഭംഗിയായി നടക്കും…’
“മഴ നിർത്തിത്തരാനോ…?’ ഇത്തവണ മറുപടി അത്ഭുതത്തോടെ.
“അതെ സാറേ… നിങ്ങൾ വിചാരിച്ചാൽ അത് നടക്കും…’ പ്രത്യാശയോടെ ശങ്കരൻ.

ഒരു വലിയ ചിരിയായിരുന്നു മറുതലയ്ക്കൽ നിന്ന് വന്നത്. ചിരി കഴിഞ്ഞശേഷം ഗൗരവത്തോടെ അവർ പറഞ്ഞു: “നോക്കൂ ശങ്കരാ… ഞങ്ങൾക്ക് അങ്ങനെ മഴ നിർത്തിത്തരാനുള്ള കഴിവൊന്നും ഇല്ല. അതുമല്ല, ഞങ്ങൾ പറഞ്ഞിട്ടല്ല മഴ പെയ്യുന്നതും. കാലാവസ്ഥാ വ്യതിയാനങ്ങളുടെ പഠനം വെച്ചാണ് മഴ പെയ്യുമോ ഇല്ലയോ എന്ന് ഞങ്ങൾ പറയുന്നത്…’
പക്ഷേ, അത് ഉൾക്കൊള്ളാനുള്ള അറിവോ മനസികാവസ്ഥയോ അപ്പോൾ ശങ്കരനില്ലായിരുന്നു. അയാൾ കെഞ്ചിപ്പറഞ്ഞു : “ദയവു ചെയ്‌ത്‌ അങ്ങനെ പറയല്ലേ സാറേ. നാളെ ഒരേയൊരു ദിവസം മഴ പെയ്യില്ലയെന്ന് ഒന്ന് പ്രവചനം നടത്തിയാൽ മതി സാർ. അതുകഴിഞ്ഞ് എത്ര ദിവസം വേണമെങ്കിലും നിങ്ങൾ മഴ പെയ്യിച്ചോളൂ… സാർ… കനിവുണ്ടാവണം സാർ…’
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ എത്ര പറഞ്ഞിട്ടും ആ പാവം മനുഷ്യന് ഒന്നും ബോധ്യമായില്ല. മാത്രമല്ല ശങ്കരന്റെ സ്വരം കരച്ചിലും കഴിഞ്ഞ് പാതാളത്തിലേക്ക് വരെ ആണ്ടുപോയി.

ഒടുവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെല്ലാം കൂടിച്ചേർന്ന് ഒരു തീരുമാനത്തിലെത്തി. അടുത്ത ദിവസം മഴ പെയ്യില്ലെന്ന് വെറുതെ ഒരു പ്രവചനം നടത്തുക. മഴ മാറിയില്ലെങ്കിലും ആ പാവം മനുഷ്യന്റെ മനസ്സിന് അതൊരു ആശ്വാസമായെങ്കിലോ. തന്നെയുമല്ല തങ്ങൾ അങ്ങനെ പറഞ്ഞാലൊന്നും മാറുന്നതല്ല കാലാവസ്ഥാ വ്യതിയാനങ്ങൾ എന്ന് ആ സാധുമനുഷ്യന് അങ്ങനെ ബോധ്യപ്പെടുകയും ചെയ്യുമല്ലോ.

അന്നുതന്നെ ടിവി ചാനലുകൾ ഒരു പ്രധാന വാർത്ത സംപ്രേഷണം ചെയ്‌തു. “കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പ് : ഒരാഴ്ചയായി പെയ്‌തുകൊണ്ടിരിക്കുന്ന മഴക്ക് താത്കാലിക ശമനം. നാളെ ഒരു ദിവസം മഴ പെയ്യാൻ സാധ്യതയില്ല.’

ഈ വാർത്ത അറിഞ്ഞ് ശങ്കരന്റെ മനസ്സ് ആനന്ദത്തിലാറാടി. പിറ്റേ ദിവസത്തിനായി ഉത്സാഹത്തോടെ അയാൾ കാത്തിരുന്നു.
പിറ്റേദിവസം നേരം പുലർന്നത് തെളിഞ്ഞ മാനത്തോടെയായിരുന്നു. ഒരാഴ്ചയായി മൂടിക്കെട്ടി പെയ്‌തു കൂട്ടിയ മഴമേഘങ്ങൾ എങ്ങോ പോയൊളിച്ചിരിക്കുന്നു. ശങ്കരന്റെ മനസ്സുപോലെ ഇളവെയിൽ പത്തരമാറ്റോടെ തെളിഞ്ഞു പ്രകാശിച്ചു.

ശങ്കരന്റെ മകളുടെ കല്യാണം പ്രകാശപൂരിതമായി നല്ലതുപോലെത്തന്നെ നടന്നു.
അതോടുകൂടി ആ നാട്ടിലെ ആളുകളുടെ മനസ്സിൽ ഒരു കാര്യം പാറപോലെ ഉറച്ചുനിന്നു: “മഴ പെയ്യുന്നതും പെയ്യാതിരിക്കുന്നതും കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം ഒന്നു കൊണ്ടു മാത്രമാണ്.’

എന്താണ് സംഭവിച്ചത് എന്നറിയാതെ അത്ഭുതം കൂറുന്ന മിഴികളുമായി ഓളംവെട്ടുന്ന വെയിൽപ്പരപ്പിലൂടെ ആകാശത്തേക്ക് നോക്കി നിൽക്കുകയായിരുന്നു അപ്പോൾ ഒരു കൂട്ടം ഉദ്യോഗസ്ഥർ.

akanilkumar1963@gmail.com

Latest