Kerala
സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം; നടപടിക്ക് വിധേയനായ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു
സ്ഥലം മാറ്റിയ നടപടി ചട്ടവിരുദ്ധമാണെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നു
കോഴിക്കോട് | എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യ ഉത്തരവിലെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിറകെ നടപടിക്ക് വിധേയനായ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു. സ്ഥലം മാറ്റിയ നടപടിക്കെതിരെ മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിക്കാണ് അദ്ദേഹം പരാതി നല്‍കിയത്.
എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലം മാറ്റിയ നടപടി ചട്ടവിരുദ്ധമാണെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നു. ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്നു വര്‍ഷം പൂര്‍ത്തിയാകും മുന്‍പാണ് സ്ഥലം മാറ്റം.
ലൈംഗിക പീഡന പരാതിയില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്റെ ബെഞ്ചാണ് പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് അടക്കം വിവാദ പരാമര്‍ശമുള്ള കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.