Kerala
ജപ്തി തടഞ്ഞു; ഗര്‍ഭിണിയെ ട്രാക്റ്റര്‍ കയറ്റികൊന്നു
ധനകാര്യ സ്ഥാപന ഏജന്റുമാരുടെ നേതൃത്വത്തില്‍ ക്രൂര കൊലപാതകം നടന്നത് ജാര്‍ഖണ്ഡില്‍

റാഞ്ചി | വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ചെയ്യാനെത്തിയ ധനകാര്യ കമ്പനി ഏജന്റുമാര്‍ ഗര്‍ഭിണിയെ ട്രാക്ടര്‍ കയറ്റി കൊന്നു. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ വെള്ളിയാഴ്ചയാണ് രാജ്യത്തെ നടക്കുന്ന കൊലപാതകം നടന്നത്. മഹീന്ദ്ര ഫിനാന്‍സിന് വേണ്ടി പണം പിരിക്കുന്ന സ്വകാര്യ ഏജന്‍സിയുടെ പ്രതിനിധിയാണ് കൊല നടത്തിയത്.
ട്രാക്ടര്‍ ജപ്തിചെയ്ത് കൊണ്ട്‌പോവാന്‍ ധനകാര്യ സ്ഥാപനത്തില്‍ നിന്നും എത്തിയ ജീവനക്കാരും യുവതിയുമായി വാക്കുതര്‍ക്കമുണ്ടായി. ട്രാക്ടര്‍ കൊണ്ടുപോകാന്‍ ധനകാര്യ സ്ഥാപന ഏജന്റുമാര്‍ ശ്രമിച്ചപ്പോള്‍ യുവതി ട്രാക്ടറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇതില്‍ പ്രകോപിതരമായ ധാനകാര്യ സ്ഥാപന ഏജന്റുമാര്‍ ഗര്‍ഭിണിയായ യുവതിയുടെ ശരീരത്തിലൂടെ ട്രാക്റ്റര്‍ കയറ്റിയിറക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചതായി പോലീസ് പറഞ്ഞു.
ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ മകളായ യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. സംഭവത്തില്‍ ഏജന്റുമാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഹസാരിബാഗ് എസ് പി മനോജ് രത്തന്‍ ചോത്തെ പറഞ്ഞു. ട്രാക്ടര്‍ വീണ്ടെടുക്കുന്നതിനായി വീട്ടിലേക്ക് വരുന്നതിന് മുമ്പ് ഫിനാന്‍സ് കമ്പനി ഉദ്യോഗസ്ഥര്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം എന്താണുണ്ടായതെന്ന് അന്വേഷിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് സി ഇ ഒയും എം ഡിയുമായ അനീഷ് ഷാ ട്വീറ്റ് ചെയ്തു. മൂന്നാംകക്ഷിയെ കളക്ഷന്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് കമ്പനി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.