National
ഝാര്‍ഖണ്ഡില്‍ വിദേശയുവതി കൂട്ടബലാത്സംഗത്തിനിരയായി
ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത ദുംക പോലീസ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ന്യൂഡല്‍ഹി | ഝാര്‍ഖണ്ഡില്‍ വിനോദ സഞ്ചാരത്തിനെത്തിയ വിദേശയുവതി കൂട്ടബലാത്സംഗത്തിനിരയായി. ഭര്‍ത്താവിനൊപ്പം ഇരുചക്രവാഹനത്തില്‍ വിനോദയാത്ര നടത്തുന്നതിനിടെയാണ് സ്പാനിഷ് യുവതിയെ അജ്ഞാതസംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. വെള്ളിയാഴ്ച രാത്രി ഝാര്‍ഖണ്ഡിലെ ദുംകയിലാണ് സംഭവം നടന്നത്.
ടൂറിസ്റ്റ് വിസയിലാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഹന്‍സ്ദിഹ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദുംകയിലെ ‘കുഞ്ഞി’യെന്ന ഗ്രാമത്തില്‍ വെച്ചാണ് യുവതി പീഡനത്തിനിരയായത്. ദുംക വഴി ബിഹാറിലെ ബഗല്‍പുറിലേക്ക് പോകാന്‍ ഹന്‍ഡിക മാര്‍ക്കറ്റിനടുത്ത് താല്‍ക്കാലികമായി താമസിക്കാന്‍ ഇവര്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് യുവതിയെ ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്. തുടര്‍ന്ന് യുവതിയെ സരയാഹട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത ദുംക പോലീസ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.