National
14 കോടിയിലധികം വിലമതിക്കുന്ന ഹെറോയിനുമായി വിദേശ വനിത ഡല്‍ഹിയില്‍ പിടിയില്‍
കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോഗ്രാം ഹെറോയിനുമായി ഉഗാണ്ട സ്വദേശിനി അറസ്റ്റിലായത്.
ന്യൂഡല്‍ഹി | ഡല്‍ഹി വിമാനത്താവളത്തില്‍ കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി വിദേശ വനിത അറസ്റ്റില്‍. അന്താരാഷ്ട്ര വിപണിയില്‍ 14.4 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ആണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോഗ്രാം ഹെറോയിനുമായി ഉഗാണ്ട സ്വദേശിനി അറസ്റ്റിലായത്.
ദുബൈയില്‍ നിന്നാണ് ഉഗാണ്ട സ്വദേശിനിയായ യുവതി ഡല്‍ഹിയിലെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിക്കുകയായിരുന്നു. നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് 1985 പ്രകാരമാണ് അറസ്റ്റെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 19ന് അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 15 കോടി വിലമതിക്കുന്ന ഹെറോയിനുമായി ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കെനിയ സ്വദേശിനിയെ കസ്റ്റംസ് പിടികൂടിയിരുന്നു. രണ്ട് കിലോ ഹെറോയിനാണ് ഇവരില്‍നിന്നും കണ്ടെടുത്തത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍നിന്നുമാണ് യുവതി ജയ്പൂരിലെത്തിയത്.