Connect with us

Kerala

നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനം; ചക്കിട്ടപ്പാറ പഞ്ചായത്തിനെതിരെ വനംവകുപ്പ്

പ്രസിഡണ്ടിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാന്‍ വനം വകുപ്പ് ശുപാര്‍ശ ചെയ്തു.

Published

|

Last Updated

കോഴിക്കോട്| നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിലിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പ്രസിഡണ്ടിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം റദ്ദാക്കാന്‍ വനം വകുപ്പ് ശുപാര്‍ശ ചെയ്തു. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പിന്റെ നിലപാട്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് പഞ്ചായത്തിന്റേതെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ട്. വിഷയത്തില്‍ തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചര്‍ച്ച നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണനാണ് സര്‍ക്കാരിലേക്ക് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം വനംവകുപ്പിന്റെ നടപടിക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സുനില്‍ അറിയിച്ചു. നിയമവിരുദ്ധമാണെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. പഞ്ചായത്തിന്റെ ഭൂവിസ്തൃതിയില്‍ 60 ശതമാനം വനഭൂമിയാണ്. കഴിഞ്ഞ കുറേ നാളുകളായി ഈ പഞ്ചായത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നം വന്യജീവി ആക്രമണം ആണ്. കര്‍ഷകര്‍ക്ക് അവരുടെ ഉപജീവന മാര്‍ഗം നടപ്പാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഭരണ സമിതിയോഗം ചേര്‍ന്ന് ജനവാസ മേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യജീവികളെയും വെടിവെച്ച് കൊല്ലാന്‍ ഷൂട്ടേഴ്സ് പാനലിന് നിര്‍ദേശം നല്‍കിയതെന്നും കെ സുനില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

Latest