Idukki
കേരളത്തിലെ വനംവകുപ്പ് ഇന്ത്യയ്ക്കാകെ മാതൃക; ദൗത്യസംഘത്തിന് അഭിനന്ദനങ്ങള്‍: മന്ത്രി എ.കെ.ശശീന്ദ്രന്‍
കുങ്കിയാനകളുടെ സഹായത്തോടെ ആനയെ മാറ്റാനുള്ള നടപടികള്‍ ഉടന്‍ തന്നെ വനം വകുപ്പ് ആരംഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
ഇടുക്കി| അരിക്കൊമ്പനെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനം വന്യജീവി വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രന്‍. പ്രതികൂല സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം. വളര്‍ത്തു മൃഗത്തെ കൈകാര്യം ചെയ്യുന്ന പോലെ വന്യമൃഗത്തെ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ചില കേന്ദ്രങ്ങള്‍ തെറ്റായ പ്രചരണത്തിന് ശ്രമിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ധീരമായി പ്രയത്‌നിച്ചു. കേരളത്തിലെ വനംവകുപ്പ് ഇന്ത്യയ്ക്കാകെ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ദേശീയ നേതാക്കള്‍ കാര്യങ്ങള്‍ അറിയാതെ വിമര്‍ശിച്ചുവെന്ന് മന്ത്രി പറഞ്ഞു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
കുങ്കിയാനകളുടെ സഹായത്തോടെ ആനയെ മാറ്റാനുള്ള നടപടികള്‍ ഉടന്‍ തന്നെ വനം വകുപ്പ് ആരംഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
കേരളത്തില്‍ ഒരിഞ്ച് വനഭൂമി കുറഞ്ഞിട്ടില്ല. ദൗത്യം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. എങ്ങോട് മാറ്റുമെന്ന് പറയാന്‍ സാധിക്കില്ല. കോടതി പോലും തീവ്ര നിലപാട് അംഗീകരിച്ചു. വന്യ ജീവികളെ സ്‌നേഹിക്കുന്ന ആളുകളുടെ വികാരവും ശല്യം നേരിടുന്നവരുടെ പ്രയാസവും സര്‍ക്കാരിന് മുന്നില്‍ ഒരുപോലെയാണെന്നും മന്ത്രി പറഞ്ഞു.
ആനയെ കൊണ്ടു പോകുമ്പോള്‍ വീഡിയോ എടുക്കാനോ ഷെയര്‍ ചെയ്യാനോ പാടില്ലെന്നാണ് കോടതി നിര്‍ദേശം. അരിക്കൊമ്പനെ പുനരധിവസിപ്പിക്കുന്നത് ഇടുക്കിയിലല്ല. ജനവാസം തീരെ കുറഞ്ഞതും നല്ല വനമുള്ളതുമായ മേഖലയിലേക്കാണ് ആനയെ കൊണ്ടു പോകുന്നത്. അരിക്കൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം വനം വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.