National
ഉത്തരാഖണ്ഡില്‍ കാട്ടുതീയില്‍ 1300 ഹെക്ടര്‍ വനം നശിച്ചു; അഞ്ചു മരണം
മരിച്ചവരില്‍ നാലു പേര്‍ നേപാളില്‍നിന്നുള്ള തൊഴിലാളികളാണ്.
ഡെറാഡൂണ്‍|ഉത്തരാഖണ്ഡില്‍ വന്‍ കാട്ടുതീയില്‍ 1300 ഹെക്ടര്‍ വനം നശിച്ചതായി അധികൃതര്‍. കാട്ടുതീയില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ നേപാളില്‍നിന്നുള്ള തൊഴിലാളികളാണ്. തീ ഇപ്പോള്‍ നിയന്ത്രണവിധേയമായതായി ഫോറസ്റ്റ് ഫോഴ്‌സ് മേധാവി ധനഞ്ജയ് മോഹന്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 17 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. 10 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
കാട്ടുതീയുമായി ബന്ധപ്പെട്ട് 288 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അല്‍മോരയിലെ ഗര്‍ഹ്വാള്‍ ഡിവിഷനില്‍ തീ ഇപ്പോഴുമുണ്ടെന്നും കാട്ടുതീ വിഷയത്തില്‍ ഒരുതരത്തിലുള്ള അനാസ്ഥയും അനുവദിക്കില്ലെന്നും ധനഞ്ജയ് മോഹന്‍ വ്യക്തമാക്കി.
കാട്ടുതീ തടയുന്നതിനുള്ള നടപടികള്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അവലോകനം ചെയ്തു. കാട്ടുതീ നാശം ഉണ്ടാക്കിയ സ്ഥലങ്ങളില്‍ പരിശോധന നടത്തണമെന്നും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഉത്തരാഖണ്ഡ് കാട്ടുതീയില്‍ ഇന്നലെ സുപ്രീംകോടതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.