Kerala
വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടു തീ: ആറ് ഹെകടർ വനം കത്തിനശിച്ചു
ശക്തമായ കാറ്റിനെ തുടർന്ന് ഉണങ്ങിയ മുളകൾ ഉരസിയാണ് തീ പടർന്നതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം
സുൽത്താൻ ബത്തേരി | വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടുതീ പടർന്ന് ആറ് ഹെക്ടർ വനം കത്തിനശിച്ചു. സുൽത്താൻ ബത്തേരി റെയിഞ്ചിൽ നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓടപ്പള്ളം വനമേഖലയിലാണ് തീ പടർന്നത്. മുളങ്കൂട്ടങ്ങളിലാണ് പടർന്ന തീ ഫയർ ഫോഴ്സും വനം വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നിയന്ത്രണ വിധേയമാക്കിയത്.
ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ഓടപ്പള്ളം സ്കൂളിന് സമീപത്തെ പുതുവീട് കോളനിക്ക് എതിർവശത്തെ വനത്തിൽ കാട്ടുതീ പിടിച്ചത്. ഉണങ്ങിയ മുളങ്കൂട്ടത്തിലാണ് തീ ആദ്യം കാണപ്പെട്ടത്. അടിക്കാടുകൾ ഉണങ്ങി നിൽക്കുന്നതിനാലും ഉണങ്ങിയ മുളങ്കൂട്ടങ്ങൾ അടുത്തടുത്ത് നിന്നിരുന്നതിനാലും നിമിഷങ്ങൾക്കകം തീ പടർന്ന് പിടിക്കുകയായിരുന്നു. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരും ഫയർഫോഴ്സും ഉടനെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.
എന്നാൽ, ഈ ഭാഗത്ത് ഉണങ്ങിയ മുളങ്കൂട്ടങ്ങൾ കൂടുതാലായുള്ളതും ഇടക്കിടെയുളള കാറ്റും തീഅണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് തടസമായി.
തീപടർന്നതിന് എതിർ വശത്ത് ഗവ. സ്കൂളും ജനവാസ കേന്ദ്രവുമായതിനാൽ ഈ ഭാഗത്തേക്ക് തീ പടരാതിരിക്കാൻ വനപാലകരും ഫയർഫോഴ്സും ശ്രദ്ധിച്ചു. സ്ഥലത്തെത്തിയ വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസിന്റെ നേതൃത്തിൽ സുൽത്താൻ ബത്തേരി, മുത്തങ്ങ, കുറിച്യാട്, തോൽപ്പെട്ടി റെയിഞ്ച് ഓഫീസർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഫയർ ലൈൻ സ്ഥാപിച്ചും കൗണ്ടർ ഫയർ ചെയ്തും തീ കൂടുതൽ സ്ഥലത്തേക്ക് പടരുന്നത് തടഞ്ഞു. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. തീ കൂടുതൽ ഏരിയയിലേക്ക് പടരുന്നത് തടഞ്ഞെങ്കിലും തീപടർന്നതിന്റെ ഉൾഭാഗത്ത് വൈകിയും തീകത്തുന്നുണ്ടായിരുന്നു.
സുൽത്താൻ ബത്തേരി ഫയർ സ്റ്റേഷൻ ഓഫീസർ നിധീഷ്കുമാറിന്റെ നേതൃത്വത്തിൽ മൂന്ന് യൂണിറ്റ് വാഹനവും സ്ഥലത്തെത്തിയിരുന്നു. ശക്തമായ കാറ്റിനെ തുടർന്ന് ഉണങ്ങിയ മുളകൾ ഉരസിയാണ് തീ പടർന്നതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. തീ പടർന്ന് ആറ് ഹെക്ടർ വനം കത്തിയതായാണ് കണക്കാക്കുന്നതെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.
കൂടുതൽ മേഖല കത്തിനശിച്ചിട്ടുണ്ടോയെന്നും വന്യമൃഗങ്ങൾക്ക് അത്യാഹിതം സംഭവിച്ചിട്ടുണ്ടോ എന്നും കൂടുതൽ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകുകയുള്ളു.
ഇത്തവണ വേനൽമഴ ലഭിക്കാത്തതും ശക്തമായ ചൂടിൽ അടിക്കാടുകളും മുളങ്കൂട്ടങ്ങളും ഉണങ്ങി നിൽക്കുന്നതിനാലും വന്യജീവി സങ്കേതം കാട്ടുതീ ഭീഷണിയിലാണ്.