Connect with us

Kerala

കാട്ടാന വനപാലകരുടെ ജീപ്പ് മറിച്ചിട്ടു;രണ്ടുപേര്‍ക്ക് പരിക്ക്

അതിരപ്പിള്ളി കണ്ണംകുഴിയിലുണ്ടായ അപകടത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ റിയാസ്, വാച്ചര്‍ ഷാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്

Published

|

Last Updated

തൃശൂര്‍ | കാട്ടാന വനപാലകര്‍ സഞ്ചരിച്ച ജീപ്പ് കുത്തിമറിച്ചിട്ടു. രണ്ട് വനപാലകര്‍ക്ക് പരിക്കേറ്റു. കാട്ടാനയുടെ ആക്രമണം നടക്കുമ്പോള്‍ ആറ് വനപാലകരാണ് ജീപ്പിലുണ്ടായിരുന്നത്.

അതിരപ്പിള്ളി കണ്ണംകുഴിയിലുണ്ടായ അപകടത്തില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ റിയാസ്, വാച്ചര്‍ ഷാജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാര്‍പ്പ റേഞ്ചിലെ കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ജീപ്പിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഉള്‍ക്കാട് പരിശോധനയുടെ ഭാഗമായി മൂന്ന് ദിവസമായി ഇവര്‍ വനത്തിനുള്ളിലായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ വെള്ളിയാഴ്ച തിരികെ വരുന്ന വഴി കണ്ണംകുഴിക്ക് സമീപം വടാപ്പാറയില്‍ വച്ചാണ് ഒറ്റയാന്‍ ജീപ്പിന് നേരെ പാഞ്ഞെത്തിയത്.

ജീപ്പിന്റെ മുന്‍ഭാഗത്ത് ആന കുത്തി മറിച്ചിടുന്നതിനിടെ റിയാസും ഷാജുവും പുറത്തേക്ക് തെറിച്ചുവീണു. ആന ഓടിയടുക്കുന്നത് കണ്ട് ജീപ്പിനകത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. കുറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച കാട്ടാന പിന്നീട് വനത്തിലേക്ക് കയറിപ്പോയി. കണ്ണംകുഴി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വിവരമറിഞ്ഞെത്തിയ വനപാലകരാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്.

 

 

Latest