Kerala
പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി ഉറങ്ങാന്‍ കഴിയട്ടെയെന്ന് ആശംസിച്ച് വനം വകുപ്പ് മന്ത്രി
കടുവയുടെ സാന്നിദ്ധ്യം സ്‌പോട്ട് ചെയ്ത വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സ് സ്‌പെഷ്യല്‍ ഡ്രൈവ് തുടരും
കോഴിക്കോട്|പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവ ചത്തത് ജനങ്ങള്‍ക്ക് ആശ്വാസമാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വനം വകുപ്പ് കടുവയെ പിടികൂടാന്‍ നടത്തിയ വെല്ലുവിളികള്‍ നിറഞ്ഞ ശ്രമത്തെ അഭിനന്ദിക്കുന്നു. പഞ്ചാരക്കൊല്ലിയിലെ ജനങ്ങള്‍ക്ക് ഇനി സമാധാനമായി ഉറങ്ങാന്‍ കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. കടുവയുടെ സാന്നിധ്യം സ്‌പോട്ട് ചെയ്ത വയനാട്ടിലെ മറ്റ് മൂന്ന് സ്ഥലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സ് സ്‌പെഷ്യല്‍ ഡ്രൈവ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വയനാട് ജില്ലയില്‍ മൂന്നോ നാലോ ഇടത്ത് കടുവയുടെ സാന്നിധ്യമുള്ളതായി നാട്ടുകാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതിനായുള്ള ക്രമീകരണം നടത്താന്‍ ജില്ലാ കളക്ടറോടും സിസിഎഫിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കടുവയുടെ മരണകാരണം സംബന്ധിച്ച സംശയങ്ങള്‍ക്ക് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ വ്യക്തത വരികയുള്ളൂ.
ഓപ്പറേഷന്‍ വയനാടിന്റെ രണ്ടാം ഘട്ടം ഇനിയുള്ള ദിവസങ്ങളില്‍ തുടരും. പിലാക്കാവില്‍ ചത്ത നിലയില്‍ കണ്ടെത്തിയ കടുവ തന്നെയാണ് പഞ്ചാരക്കൊല്ലിയില്‍ രാധയെ കൊലപ്പെടുത്തിയത്. 17ല്‍ അധികം കാമറകളില്‍ ഈ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.