Kerala
ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്; പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം: കസ്റ്റഡി അപേക്ഷ തള്ളി
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്ത കേസിലാണ് പോലീസ് നടപടി.
മലപ്പുറം | നിലമ്പൂര്‍ വനം വകുപ്പ് ഓഫീസ് അടിച്ച് തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എക്ക് ജാമ്യം. നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അന്‍വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പോലീസിന്റെ കസ്റ്റഡി ആവശ്യം കോടതി തള്ളി.
എഫ്ഐആറില്‍ പിവി അന്‍വറിന്റെ പേര് ചേര്‍ത്തത് ആസൂത്രിതമാണെന്നും രാഷ്ട്രീയ വിരോധം തീര്‍ക്കാനാണ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്നും അന്‍വറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
50,000 രൂപയുടെ ആള്‍ജാമ്യം, പൊതുമുതല്‍ നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെക്കണം, എല്ലാ ബുധനാഴ്ചയും രാവിലെ ഒന്‍പതിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കാനും അന്വേഷണത്തെ സ്വാധീനിക്കാനും പാടില്ല. തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ.
കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചതില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്ത കേസിലാണ് പോലീസ് നടപടി. പി വി അന്‍വര്‍ ഉള്‍പ്പടെ 11 പേര്‍ക്ക് എതിരെയാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, ഗൂഢോലോചന, കലാപത്തിന് ആഹ്വാനം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഇന്നലെ രാത്രി ഒന്‍പതരയോടെ അന്‍വറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് പോലീസ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.