Kerala
ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസ്; പിവി അന്‍വര്‍ എംഎല്‍എ റിമാന്‍ഡില്‍
മഞ്ചേരി സബ് ജയിലിലേക്ക് അന്‍വറിനെ മാറ്റുമെന്നാണ് അറിയുന്നത്.
മലപ്പുറം | നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പിവി അന്‍വര്‍ എംഎല്‍എയെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തു.മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ റിമാന്‍ഡ് ചെയ്തു.14 ദിവസത്തേക്കാണ് റിമാന്‍ഡ് .മഞ്ചേരി സബ് ജയിലിലേക്ക് അന്‍വറിനെ മാറ്റുമെന്നാണ് അറിയുന്നത. അന്‍വറടക്കം 11 പേര്‍ക്കെതിരെയാണ് കേസ്. നിലമ്പൂര്‍ പോലീസാണ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ നിലമ്പൂരിലെ ഒതായിയിലുള്ള അന്‍വറിന്റെ വീടിനു മുന്നില്‍ വന്‍ പോലീസ് സംഘം എത്തിയിരുന്നു.നിലമ്പൂര്‍ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിവി അന്‍വറിനെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്ത അന്‍വറിനെ വൈദ്യപരിശോധനക്കായി നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു
സംഭവം അറിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകരും ഇവിടെ തടിച്ചു കൂടിയിരുന്നു. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തിലായിരുന്നു ഡിഎംകെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനമായെത്തിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു.
ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കുകയെന്നു അറസ്റ്റിനു മുന്നേ അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ മലപ്പുറം ജില്ലയിലെ എല്ലാ പോലീസുകാരുമുണ്ടായിരുന്നുവെന്നും അന്‍വര്‍ പരിഹസിച്ചിരുന്നു.മണിയെ ആന ചവിട്ടി കൊന്നതില്‍ സ്വാഭാവികമായ പ്രതിഷേധമാണ് നടന്നത്. നിയമത്തിനു വഴങ്ങി ജീവിക്കും, താനൊരു നിയമസഭാ സാമാജികനാണ്. പോലീസ് നടപടികളില്‍ അസ്വാഭാവികതയുണ്ട്. പിണറായിയും ശശിയും തന്നെ കുടുക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഇതിനു പിന്നില്‍ ഭരണകൂട ഗൂഢാലോചനയുണ്ടെന്നും അന്‍വര്‍ ആരോപിച്ചു