loksabha election 2024
മറക്കാനാകുമോ നീട്ടിവലിച്ചുള്ള വി എസ് ശൈലി
'സഖാവ് വി എസ് അച്യുതാനന്ദന്‍ കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയാണ്. ഫിദലിനെപ്പോലെ വി എസും ഉപദേശിക്കുകയും വഴികാട്ടുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു'- യെച്ചൂരി
ഒരു കാലത്ത് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ജനകീയ നേതാവ് വി എസ് അച്യുതാനന്ദന്റെ നീട്ടിവലിച്ചുള്ള പ്രസംഗം കേള്‍വിക്കാരില്‍ ചിരിപടര്‍ത്തുന്നതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. ആലപ്പുഴയിലെ സുശീലാ ഗോപാലന്റെ പ്രചാരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ വി എസിന്റെ നീട്ടിവലിച്ചുള്ള പ്രസംഗം കേട്ടപ്പോഴേ തിങ്ങിക്കൂടിയ ആയിരങ്ങള്‍ നിര്‍ത്താതെ ചിരി തുടരുകയായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ സ്വതസിദ്ധമായ ശൈലിയില്‍ വി എസ് പ്രസംഗം തുടര്‍ന്നു.
വി എസ് എന്ന രണ്ടക്ഷരം കേട്ടാല്‍ മതി, അദ്ദേഹം പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിലേക്ക് സാധാരണക്കാരുള്‍പ്പെടെയുള്ള ജനങ്ങളുടെ കുത്തൊഴുക്കാണ്. ആളെ കൂട്ടാന്‍ വി എസിനെ തന്നെ കിട്ടണമെന്ന് സംഘാടകര്‍ വാശി പിടിക്കാറുണ്ടെങ്കിലും പാര്‍ട്ടി നിശ്ചയിക്കുന്നിടത്ത് മാത്രമേ അദ്ദേഹം എത്തൂ. അതുകൊണ്ട് തന്നെ, സ്വന്തം നാട്ടിലെ പ്രചാരണ യോഗങ്ങള്‍ ഒഴിവാക്കിയും വി എസ് എത്തുന്ന യോഗങ്ങള്‍ തേടിപ്പോകുന്ന വലിയൊരു വിഭാഗം അക്കാലത്തുണ്ടായിരുന്നു.
ഏറ്റവുമൊടുവില്‍ 2016ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് വി എസ് മുന്നില്‍ നിന്ന് നയിച്ചത്. അതിന് മുമ്പ് തന്നെ പാര്‍ട്ടിക്ക് അനഭിമതനായി മാറിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസിനെ മുന്നില്‍ നിര്‍ത്താതെ തരമില്ലെന്ന് നേതൃത്വത്തിന് ഉറപ്പായിരുന്നു.
തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് എ കെ ജി സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി: ‘സഖാവ് വി എസ് അച്യുതാനന്ദന്‍ കേരളത്തിലെ ഫിദല്‍ കാസ്‌ട്രോയാണ്. ഫിദലിനെപ്പോലെ വി എസും ഉപദേശിക്കുകയും വഴികാട്ടുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു’. ഈ പ്രഖ്യാപനത്തോടെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രി പദം വി എസിന് കിട്ടിയേക്കുമെന്ന് കരുതിയവരുണ്ടായിരുന്നു.
പിന്നീട് ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാന്‍ അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിച്ചില്ല. അപ്പോഴേക്കും രോഗാതുരനായിരുന്നു. സി പി എമ്മിന്റെ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് വി എസ് ഒഴിവാക്കപ്പെട്ടത് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെയാണ്. വി എസിന്റെ ആരോഗ്യനില തിരഞ്ഞെടുപ്പ് കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനോ അന്വേഷിക്കുന്നതിനോ പോലും കഴിയാത്ത അവസ്ഥയിലാണിപ്പോള്‍.