Connect with us

rss and country

അമൃതോത്സവത്തിനിടയില്‍ ഓര്‍ക്കാന്‍ മറന്നത്

കാവി ധിഷണകള്‍ കാലേക്കൂട്ടി ആവിഷ്‌കരിച്ച രാഷ്ട്രീയ പരിപാടിയായിരുന്നു അമൃത് മഹോത്സവം. ഇതിലൂടെ ലക്ഷ്യമിടുന്നത് പലതാണ്. ഉന്മാദ ദേശീയത വളര്‍ത്തുക എന്നത് പ്രധാനം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സാമാന്യ ജനത്തിന്റെ വോട്ടുറപ്പിക്കാനുമുള്ള ഒളിയജന്‍ഡ ഇതിനു പിന്നിലുണ്ട്.

Published

|

Last Updated

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം അമൃത് മഹോത്സവമായി കൊണ്ടാടിയപ്പോള്‍ രാജ്യസ്‌നേഹപരമായ ലക്ഷ്യത്തിനപ്പുറം അതില്‍ എത്ര കണ്ട് രാജ്യം ഭരിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയ അജന്‍ഡ ഒളിഞ്ഞിരിപ്പുണ്ട് എന്ന അന്വേഷണത്തിന് മതേതര പക്ഷം പോലും മുന്നോട്ടുവന്നുകണ്ടില്ല. ഇതുവരെ സംഘ്പരിവാര്‍ അസ്പര്‍ശ്യമായി കരുതിയ ദേശീയ പതാക കൈയിലേന്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഘോഷം കെങ്കേമമാക്കാന്‍ ആഹ്വാനം ചെയ്തത്. ഇന്നലെ വരെ രാജ്യം പിന്തുടര്‍ന്നുപോന്ന ദേശീയ പതാകയുമായി ബന്ധപ്പെട്ട കീഴ് വഴക്കങ്ങളിലും വ്യവസ്ഥകളിലും വന്‍തോതില്‍ വെള്ളം ചേര്‍ത്താണ് മൂന്ന് നാള്‍ രാപ്പകലില്ലാതെ പതാക പറപ്പിക്കാനുള്ള “ഹര്‍ ഘര്‍ തിരംഗ’ പരിപാടിയിലൂടെ അതിദേശീയത ഉത്പാദിപ്പിക്കാന്‍ ശ്രമിച്ചത്. ദേശീയ പതാകക്ക് നാമിതുവരെ കല്‍പ്പിച്ച പാവനത ഒരളവോളം പിച്ചിച്ചീന്തപ്പെട്ടു ഈ ആഘോഷ കുതൂഹലങ്ങള്‍ക്കിടയില്‍.

കഴിഞ്ഞ 52 വര്‍ഷമായി ആര്‍ എസ് എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയിട്ടില്ല എന്ന രാഹുല്‍ ഗാന്ധിയുടെയും ജയറാം രമേശിന്റെയും വാദങ്ങള്‍ക്ക്, രാഷ്ട്രീയം പറയാനുള്ള സന്ദര്‍ഭമല്ല ഇതെന്ന് പറഞ്ഞ് ആര്‍ എസ് എസ് നേതാക്കള്‍ മുഖം തിരിഞ്ഞു നിന്നത് തന്ത്രപൂര്‍വമാണ്. 1947 ആഗസ്റ്റ് 15നും 1950 ജനുവരി 26നും ശേഷം ആദ്യമായി ആര്‍ എസ് എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ന്നത് 2022 ജനുവരി 26നാണ്. ഇക്കഴിഞ്ഞ 15ന് വീണ്ടും നാഗ്പൂരിലെ ഹെഡ്‌ഗേവാര്‍ ഭവനില്‍ പതാക പൊക്കിയപ്പോള്‍ മാധ്യമങ്ങള്‍ അത് മഹാസംഭവമാക്കി. ഇത് കാപട്യവും നാടകവുമാണെന്ന് ആരും പറഞ്ഞില്ല. ആര്‍ എസ് എസോ പോഷക ഘടകങ്ങളോ ത്രിവര്‍ണ പതാകയെ ഇതുവരെ അംഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴും അങ്ങനെ ചെയ്യുന്നത് ഹിന്ദുത്വ കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് വിശ്വസിക്കുന്നുണ്ട് താനും.

യഥാര്‍ഥ അവകാശികള്‍ നിദ്രപൂണ്ടപ്പോള്‍

കോണ്‍ഗ്രസ്സടക്കമുള്ള മതേതര പാര്‍ട്ടികള്‍ ഈ കൊട്ടിഘോഷങ്ങളുടെ രാഷ്ട്രീയം തുറന്നുകാട്ടാന്‍ ധൈര്യപ്പെടാത്തത് ദേശദ്രോഹ മുദ്ര പതിച്ചേക്കുമോ എന്ന ഭയത്താലാണ്. കാവി ധിഷണകള്‍ കാലേക്കൂട്ടി ആവിഷ്‌കരിച്ച രാഷ്ട്രീയ പരിപാടിയായിരുന്നു അമൃത് മഹോത്സവം. ഇതിലൂടെ ലക്ഷ്യമിടുന്നത് പലതാണ്. ഉന്മാദ ദേശീയത വളര്‍ത്തുക എന്നത് പ്രധാനം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ സാമാന്യ ജനത്തിന്റെ വോട്ടുറപ്പിക്കാനുമുള്ള ഒളിയജന്‍ഡ ഇതിനു പിന്നിലുണ്ട്. ഭരണകൂടം തന്നെ ചരിത്രം വക്രീകരിക്കുകയും മലീമസമാക്കുകയും ചെയ്യുന്ന ഈ കെട്ടകാലത്ത് കഴിഞ്ഞ മൂന്നാല് നൂറ്റാണ്ടിന്റെ യഥാര്‍ഥ ആഖ്യാനവും സത്യസന്ധമായ അപഗ്രഥനവും വഴി ഹിന്ദുത്വവാദികളുടെ കുത്സിത അജന്‍ഡ അനാവൃതമാക്കാനും പോയ 75 വര്‍ഷത്തിനിടയില്‍ ഇന്ത്യ എന്ന ആശയം എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് സമര്‍ഥിക്കാനുമുള്ള മുന്തിയ അവസരമാണ് പാഴാക്കിയത്. സ്വാതന്ത്ര്യ സമര കാലത്തും സ്വാതന്ത്ര്യാനന്തര ദേശീയ ജീവിതത്തിലും സംഘ്പരിവാരം സ്വീകരിച്ച അവസരവാദപരവും രാജ്യവിരുദ്ധവുമായ നിലപാടുകള്‍ തുറന്നുകാട്ടാന്‍ ഇതിലും മികച്ചൊരു സന്ദര്‍ഭം ഇനി ഒത്തുവരാന്‍ പോകുന്നില്ല.

സ്വാതന്ത്ര്യ സമര ചരിത്രത്തിന് പുതിയ ആഖ്യാനങ്ങള്‍ വിരചിക്കുന്ന തിരക്കിലായിരുന്നു മോദിയും അനുയായികളും. ആയുസ്സും വപുസ്സും ജന്മദേശത്തിനായി ഉഴിഞ്ഞുവെച്ച നിസ്വാര്‍ഥരും ത്യാഗിവര്യന്മാരുമായ സമര പോരാളികള്‍ ഏറ്റുവാങ്ങിയ തീക്ഷ്ണവും വേദനാജനകവുമായ ജീവിതാനുഭവങ്ങള്‍ തമസ്‌കരിച്ച്, ബ്രിട്ടീഷ് മേധാവികള്‍ക്ക് കീഴടങ്ങി ദാസ്യവേല ചെയ്ത ഭീരുക്കളെ ധീരയോദ്ധാക്കളുടെ ഉത്തരീയമണിയിക്കാന്‍ നടന്ന തരം താഴ്ന്ന ശ്രമങ്ങള്‍ ആരെയും അലോസരപ്പെടുത്തിയില്ല എന്നിടത്തേക്ക് രാജ്യം ആപതിച്ചിരിക്കുന്നു. “പുതിയ ഇന്ത്യയില്‍’ ഗാന്ധിജിയേക്കാള്‍ ഉയര്‍ന്ന വിതാനത്തില്‍ സവര്‍ക്കറെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി തന്നെയാണ് നേതൃത്വം കൊടുക്കുന്നത്. മഹാദുരന്തമാണിത്. ഈ ദുരന്തമുഖത്ത് തീപന്തങ്ങളായി ജ്വലിക്കേണ്ടിയിരുന്നത് സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളികളായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ജീവിക്കുന്ന തലമുറയാണ്. 1947 ജൂലൈ 17ന് ദേശീയ പതാകയായി അംഗീകരിക്കപ്പെട്ട ത്രിവര്‍ണക്കൊടി 1923 തൊട്ട് കോണ്‍ഗ്രസ്സ് നേതൃസമ്മേളനങ്ങളില്‍ നടന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളുടെ സങ്കലനമാണ്. അത് രൂപകല്‍പ്പന ചെയ്തതാകട്ടെ ബദ്‌റുദ്ദീന്‍ ത്വയ്ബ്ജി എന്ന കോണ്‍ഗ്രസ്സ് നേതാവിന്റെ സഹധര്‍മിണി സുരയ്യ ത്വയ്ബ്ജിയും. സുരയ്യയെ കുറിച്ച് ഉരിയാടുന്നത് പോലും മഹാപാതകമായി കണ്ടവരല്ലേ ദേശീയ പതാക സ്റ്റാറ്റസ് വെക്കാനും കൂരിരുട്ടിലും വീടിന്റെ മട്ടുപ്പാവില്‍ അതുയര്‍ത്താനും ആഹ്വാനം ചെയ്തത്? ആധുനിക ഇന്ത്യ എന്ന മഹത്തായ ആശയം ഈ രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച, മികച്ചൊരു ഭരണഘടന സംഭാവന ചെയ്യാന്‍ നേതൃപരമായ പങ്കുവഹിച്ച കോണ്‍ഗ്രസ്സിനെ ഈ മഹോത്സവ വേദിയില്‍ എവിടെയാണ് നാം കണ്ടത്?

ഒറ്റുകാരുടെ ഗീര്‍വാണങ്ങള്‍
ഗാന്ധിജിയും നെഹ്‌റുവും പട്ടേലും അബുല്‍കലാം ആസാദും അംബേദ്കറുമെല്ലാം വിഭാവന ചെയ്ത ഒരു രാഷ്ട്രത്തിന്റെ എതിര്‍ ദിശയിലൂടെയാണ് മോദിയുടെ ഇന്ത്യ സഞ്ചരിക്കുന്നത്. ഗാന്ധിവധത്തിലെ മുഖ്യ ആസൂത്രകനായിരുന്ന സവര്‍ക്കര്‍ അഖണ്ഡനീയമായ തെളിവുകളുടെ അഭാവത്തില്‍ മാത്രമാണ് തൂക്കുമരത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതെന്ന യാഥാര്‍ഥ്യത്തെ തമസ്‌കരിച്ച് ആ കാലഘട്ടത്തിന് പുതിയൊരു ഭാഷ്യം ചമക്കുകയാണ് സംഘ്പരിവാരം. ഒരുഭാഗത്ത് സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം പൊടിപൊടിക്കുമ്പോള്‍ മറുഭാഗത്ത് ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചുള്ള പരസ്യമായ പ്രചാരണങ്ങള്‍ അരങ്ങേറിയത് നിസ്സാരമായി തള്ളുന്നത് ഹിന്ദുത്വ വാദികള്‍ മതേതര ഇന്ത്യക്കു നേരേ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള ത്രാണിക്കുറവ് കൊണ്ട് തന്നെയാണ്. വാരാണസി കേന്ദ്രമായുള്ള ശങ്കരാചാര്യ പരിഷത്തിന്റെ മേധാവി സ്വാമി സ്വരൂപാനന്ദയുടെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത ഹിന്ദുരാഷ്ട്ര ഭരണഘടനയെ കുറിച്ച് പ്രതിപക്ഷകക്ഷികള്‍ മൗനം ദീക്ഷിച്ചു. രാഷ്ട്ര ശില്‍പ്പികള്‍ വിഭാവന ചെയ്ത, ഭരണഘടനയിലൂടെ മൂര്‍ത്തഭാവം നല്‍കിയ ആധുനിക ഇന്ത്യ എന്ന ആശയത്തെ കുഴിച്ചുമൂടുന്നതാണ് മുച്ചൂടും വര്‍ഗീയതയില്‍ ചുട്ടെടുത്ത ഈ അപായ രേഖ. നാളെ ഇത് ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായി മാറില്ലെന്ന് ആര്‍ക്കും ഉറപ്പുനല്‍കാനാകില്ല. രാമക്ഷേത്ര വിഷയത്തില്‍ നാമത് കണ്ടതാണ്.

ലോകം കണ്ട ഏറ്റവും മഹത്തായ ഒരു ഭരണഘടനയിലൂടെ പാര്‍ലിമെന്ററി ജനാധിപത്യത്തിന് രൂപകല്‍പ്പന നല്‍കിയപ്പോള്‍ ഇമ്മട്ടിലൊരു വ്യതിചലനമോ അപഥ സഞ്ചാരമോ മുന്‍തലമുറ പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കില്ല. പൗരാവകാശങ്ങള്‍ പ്രതിപാദിക്കുന്ന മൂന്നാം ഭാഗത്തെ കുറിച്ച് ഭരണഘടനയുടെ മനസ്സാക്ഷി എന്നാണ് വിശേഷിപ്പിക്കാറ്. ആ മനസ്സാക്ഷി കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. നീതിന്യായ വ്യവസ്ഥക്ക് പോലും അതിന്റെ ജൈവവിശുദ്ധി നഷ്ടപ്പെടുകയാണോ എന്ന ഉത്കണ്ഠ രാജ്യവാസികളെ സംഭ്രാന്തരാക്കുന്നു. ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യം പിച്ചിച്ചീന്തപ്പെട്ട വര്‍ത്തമാനകാല ആസുരത ജനാധിപത്യത്തിലുള്ള വിശ്വാസം തകര്‍ക്കുന്നുവെന്ന് മാത്രമല്ല, മതേതര മൂല്യങ്ങളെ കുറിച്ചുള്ള ഏത് ചര്‍ച്ചയും കാലഹരണപ്പെട്ട സംവാദങ്ങളാക്കി മാറ്റുന്നു. 15 ശതമാനം വരുന്ന മുസ്‌ലിംകളില്‍ നിന്ന് രാജ്യം ഭരിക്കുന്ന കക്ഷിക്ക് ഒരാള്‍ പോലുമില്ലാത്ത പാര്‍ലിമെന്റും കേന്ദ്ര മന്ത്രിസഭയും സംസ്ഥാന നിയമസഭകളും യാഥാര്‍ഥ്യമായി പുലരുമ്പോഴാണ് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം കൊണ്ടാടുന്നതും അമൃതോത്സവത്തിന്റെ ആരവങ്ങള്‍ ഉയരുന്നതും. അപ്പോഴും, ഒരു ജനവിഭാഗത്തെ മൂന്നാംകിട പൗരന്മാരായി മാറ്റിനിര്‍ത്തിക്കൊണ്ട് ഭരണകൂടത്തിന് അധികനാള്‍ മുന്നോട്ടുപോകാനാകില്ലെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെയാണ് ഇതുവഴി തകര്‍ത്തെറിയുന്നതെന്നും വിളിച്ചുപറയാന്‍ ഒരു പാര്‍ട്ടിയോ നേതാവോ ഇല്ലാത്ത അവസ്ഥയെ കുറിച്ചാണ് ആഴത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരേണ്ടത്.

വഞ്ചനയുടെ തുടര്‍ക്കഥ

ചരിത്രത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ ഒറ്റുകൊടുത്തവരുടെയും വഞ്ചകരുടെയും പിന്തുടര്‍ച്ചക്കാരാണ് ഇന്ന് ദേശഭക്തരുടെ മേലങ്കിയണിഞ്ഞ് രാഷ്ട്രത്തിന്റെ അധീശത്വം കൈയടക്കി വെച്ചിരിക്കുന്നത്. ജയിലില്‍നിന്ന് രക്ഷപ്പെടാന്‍ ബ്രിട്ടീഷുകാര്‍ക്ക് പലതവണ മാപ്പെഴുതിക്കൊടുക്കുകയും ശിഷ്ടജീവിതം കൊളോണിയല്‍ യജമാനന്മാര്‍ക്ക് പാദസേവ ചെയ്യാന്‍ ഉഴിഞ്ഞുവെക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്ത ഭീരുവായ “വീര്‍’ സവര്‍ക്കര്‍ മാത്രമാണ് രാജ്യത്തെ ഒറ്റുകൊടുത്തത് എന്ന് കരുതിയവര്‍ക്ക് തെറ്റി. രണ്ടാം സര്‍സംഘ് ചാലക് ഗോള്‍വാള്‍ക്കര്‍ മുതല്‍ പരിവാറിന്റെ തലപ്പത്തിരുന്നവരെല്ലാം ഏതെങ്കിലും തരത്തില്‍ ഈ പാപത്തില്‍ പങ്കാളികളാണ്. 1942ല്‍ ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തവരില്‍ അടല്‍ ബിഹാരി വാജ്‌പയിയും ഉണ്ടായിരുന്നുവത്രെ. അറസ്റ്റും ജയിലും ഭയന്ന് സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ നിന്ന് വിട്ടുനിന്ന ഇക്കൂട്ടര്‍, വെള്ളക്കാരുടെ മുന്നില്‍ നമ്രശിരസ്‌കരായി ജീവിച്ചുവെന്ന് മാത്രമല്ല, യഥാര്‍ഥ പോരാളികളെ ശത്രുക്കളായി കണ്ട് അരുതായ്മകള്‍ ചെയ്തുകൂട്ടി. ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്ത് ഊര്‍ജം പാഴാക്കരുതെന്നും യഥാര്‍ഥ പോരാട്ടത്തിന്റെ സമയം വരാനിരിക്കുന്നേയുള്ളൂവെന്നും അനുയായികളെ ആര്‍ എസ് എസ് ഉണര്‍ത്തിക്കൊണ്ടിരുന്നു. മുസ്‌ലിംകളുമായുള്ള ഏറ്റുമുട്ടലിലേക്കായിരുന്നു ആ സൂചന. ഹിന്ദുരാഷ്ട്രം സ്ഥാപിച്ചെടുക്കാനുള്ള തങ്ങളുടെ വര്‍ഗീയ അജന്‍ഡ ഗാന്ധിജിയും നെഹ്‌റുവും ജീവിച്ചിരിക്കുന്ന കാലത്തോളം നടപ്പാകില്ല എന്ന് കണ്ടപ്പോഴാണ് മഹാത്മജിയെ വെടിവെച്ചിടുന്നത്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷവും വഞ്ചനയുടെ കഥ അവസാനിച്ചില്ല. ഇമ്മട്ടിലുള്ള എണ്ണിയാലൊടുങ്ങാത്ത വഞ്ചനകളെ ദേശീയ പതാക കൊണ്ട് മൂടിവെക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയിട്ടുണ്ട്.

Latest