Connect with us

International

മത്സരത്തിനിടെ ഹൃദയാഘാതം; ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ ഗുരുതരാവസ്ഥയില്‍

ഓപ്പണറായി ഇറങ്ങിയ തമീമിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു

Published

|

Last Updated

ധാക്ക |  മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയര്‍ ലീഗില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബും ഷൈന്‍പുകുര്‍ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം.

ഓപ്പണറായി ഇറങ്ങിയ തമീമിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. അടിയന്തര വൈദ്യസഹായം നല്‍കിയ ശേഷം ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാന്‍ തമീം ആവശ്യപ്പെട്ടതായും മടങ്ങുന്നതിനിടെ ആംബുലന്‍സില്‍വച്ച് വീണ്ടും ഹൃദയാഘാതം സംഭവിച്ചു. തമീമിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് ഫിസിഷ്യന്‍ ഡോ. ദേബാഷിഷ് ചൗധരി അറിയിച്ചു. തുടര്‍ചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.

ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ തമീം ഇഖ്ബാല്‍ ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ഇഖ്ബാല്‍ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ജൂലൈയില്‍, ഇഖ്ബാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ തന്റെ തീരുമാനം മാറ്റുകയായിരുന്നു.

 


---- facebook comment plugin here -----


Latest