Kerala
സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന; ഡൽഹിയിൽ പ്രകാശ് ജാവദേക്കറെ കണ്ടു
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഭാഗീയ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ നടപടി നേരിട്ടയാളാണ് എസ് രാജേന്ദ്രൻ.
ന്യൂഡൽഹി | ദേവികുളത്ത് നിന്നുള്ള മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. രാജേന്ദ്രൻ ഡൽഹിയിലെത്തി ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം ഇപ്പോഴും ഡൽഹിയിൽ തുടരുന്നുവെന്നാണ് വിവരം.
നേരത്തെ ബിജെപിയുടെ പ്രാദേശിക, സംസ്ഥാന നേതാക്കൾ എസ് രാജേന്ദ്രനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. എന്നാൽ ബിജെപിയിലേക്ക് പോകുന്നുവെന്ന ആരോപണം അദ്ദേഹം തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന എൽഡിഎഫ് പൊതുയോഗത്തിലും രാജേന്ദ്രൻ പങ്കെടുത്തിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഭാഗീയ പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് സസ്പെൻഷൻ നടപടി നേരിട്ടയാളാണ് എസ് രാജേന്ദ്രൻ. അന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചുവെന്നാണ് ആരോപണമുയർന്നത്. തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും അദ്ദേഹം പാർട്ടി അംഗത്വം പുതുക്കിയിട്ടില്ല.
ഇതിനിടെ, അംഗത്വം പുതുക്കാനുള്ള ഫോമുമായി പ്രാദേശിക പാർട്ടി നേതാക്കൾ എസ് രാജേന്ദ്രനെ സന്ദർശിച്ചതും വിവാദമായിരുന്നു. സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടതിലൂടെ പാർട്ടി തന്നെ അപമാനിച്ചുവെന്ന് അദ്ദഹം പ്രതികരിച്ചു.