Kerala
പി ജെ കുര്യനെതിരെ ആഞ്ഞടിച്ച് മുന്‍ ഡി സി സി പ്രസിഡൻ്റ്; പത്തനംതിട്ടയിൽ തമ്മിലടി തുടരുന്നു
ആരോപണം തെളിയിക്കാന്‍ വെല്ലുവിളിച്ച് ബാബു ജോര്‍ജ്
പത്തനംതിട്ട | തനിക്കെതിരെ സാമ്പത്തികാരോപണം ഉന്നയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റ് ബാബു ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആരോപണം തെളിയിക്കാന്‍ കുര്യനെ വെല്ലുവിളിക്കുകയാണെന്നും ബാബു ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു.
പണം വാങ്ങി സ്ഥാനാര്‍ഥിത്വം നല്‍കിയെന്ന് ഒരാളും ഇതുവരെ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. മറിച്ച് പി ജെ കുര്യന്റെ നേതൃത്വത്തില്‍ നടത്തുന്ന രാജീവ് ഗാന്ധി ഗുഡ്‌വില്‍ ട്രസ്റ്റിന്റെ പേരിലാണ് അഴിമതി നടക്കുന്നത്. അനധികൃത പണപ്പിരിവാണ് ട്രസ്റ്റിന്റെ പേരില്‍ നടത്തുന്നത്. ജില്ലയില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ഉത്തരവാദിത്തം പൂര്‍ണമായും കുര്യനാണ്. 40 വര്‍ഷത്തോളം വിവിധ അധികാര സ്ഥാനങ്ങളില്‍ തുടര്‍ന്ന് തനിക്കുശേഷം ആരും വളരരുതെന്ന നിലപാടാണ് കൈക്കൊള്ളുന്നത്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബി ജെ പിയുമായി കുര്യന്‍ പലതവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. രാഹുല്‍ഗാന്ധി കഴിവുകെട്ടവനാണെന്നും കൊള്ളില്ലെന്നും പരസ്യമായി പറഞ്ഞ ആള്‍ കോണ്‍ഗ്രസിനകത്തും വാതില്‍ തള്ളി തുറന്നു എന്നതിന്റെ പേരില്‍ താന്‍ പാര്‍ട്ടിക്ക് പുറത്തുമാകുന്നു. ഡി സി സി ഭാരവാഹിയിരുന്നപ്പോഴത്തെ എല്ലാ കണക്കുകളും കൃത്യമായ ഓഡിറ്റിന് വിധേയമാണ്. ദില്ലിയില്‍ നിന്നും തന്റെ പ്രവര്‍ത്തന മേഖല പടുതോട്ടിലേക്ക് മാറ്റേണ്ടി വന്നതിലുള്ള വിരോധമാണ് അദ്ദേഹം തീര്‍ക്കുന്നത്. ഒന്നും കിട്ടിയില്ലെങ്കില്‍ സാമ്പത്തികാരോപണം ഉന്നയിക്കുന്ന രീതിയാണ് തുടരുന്നതെന്നും ബാബു ജോർജ് പറഞ്ഞു.
അതോടൊപ്പം, ഇനിയൊരാളും ജില്ലയില്‍ നിന്നും പാര്‍ലമെന്റിലേക്ക് കോണ്‍ഗ്രസില്‍ നിന്ന് വിജയിക്കരുതെന്ന ഗൂഢ ഉദ്ദേശവുമുണ്ട്. ഡി സി സി പ്രസിഡന്റുമാരെ ഒരുകാലത്തും അദ്ദേഹം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ പ്രസിഡന്റായി ഇരിക്കാനും സാധിക്കില്ല. ജില്ലയില്‍ നൂറുകണക്കിന് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. 52 വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്തുള്ള തനിക്ക് സാമ്പത്തിക കുറ്റം ചെയ്യേണ്ട ഒരു അവസ്ഥയുമില്ല. ആരോപണത്തെ തള്ളിക്കളയുന്നതായും ബാബു ജോര്‍ജ് കൂട്ടിച്ചേർത്തു.