Kerala
സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍
യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്

കൊല്ലം | സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലം ആനന്ദവല്ലീശ്വരത്തെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പിറവം സ്വദേശിയാണ്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു. ഈ കേസിൽ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിൻ്റെ ജാമ്യം നേടിയ മനുവിനെതിരെ വീണ്ടും പീഡന പരാതി ഉയര്‍ന്നിരുന്നു.
2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നല്‍കാമെന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മാനസികമായി തകര്‍ന്ന യുവതി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഒക്ടോബര്‍ ഒമ്പതിനും പത്തിനും പീഡനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കുകയായിരുന്നു.
ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പി ജി മനുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.