National
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിൽ തിരിച്ചെത്തി
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷെട്ടാര്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസിൽ ചേർന്നിരുന്നത്
ന്യൂഡല്‍ഹി | ബി ജെ പി വിട്ട് കോണ്‍ഗ്രസിലെത്തിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ ബി ജെ പി യിൽ തന്നെ തിരിച്ചെത്തി. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഷെട്ടാര്‍ ബി ജെ പി വിട്ടത്. കര്‍ണാടകയിലെ രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള ലിഖായത് വിഭാഗത്തില്‍ പെട്ട ഷെട്ടാര്‍ കഴിഞ്ഞ ഏപ്രലിലാണ് ബി ജെ പി വിട്ടത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിൽ ചേരുകയായിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ ഹുബ്ലി – ധാര്‍വാഡ് സെന്‍ട്രലില്‍ കോണ്‍ഗ്രസ് അദ്ദേഹത്തിന് സീറ്റ് നല്‍കിയിരുന്നു.എന്നാല്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായ മഹേഷ് തെങ്ങിനകനോട് പരാജയപ്പെട്ടു.
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബി എസ് യെദ്യൂരപ്പ , അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി നേതാവുമായ ബി വൈ വിജയേന്ദ്ര എന്നിവരുടെ സാനിധ്യത്തിലാണ് 67 കാരനായ ഷെട്ടാര്‍ ബി ജെ പി യിലേക്ക് തിരിച്ചെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്ന വിശ്വാസത്തിലാണ് ബി ജെ പി യിലേക്ക് വീണ്ടും തിരിച്ചത്തിയതെന്ന് ഷെട്ടാര്‍ പ്രതികരിച്ചു. പാര്‍ട്ടി തനിക്ക് ഒരുപാട് ഉത്തരാവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്. ചില പ്രശ്‌നങ്ങള്‍ കാരണമാണ് കോണ്‍ഗ്രസിലെത്തിയത്. കഴിഞ്ഞ എട്ട് മാസത്തോളമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ബി ജെ പി യിലേക്ക് തിരിച്ചത്തിയതെന്നും ഷെട്ടാര്‍ പറഞ്ഞു.
ഇന്ത്യ മുന്നണി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസും എ എ പി യും നല്‍കിയ പ്രഹരത്തിന്റെ ഞെട്ടല്‍ മാറുന്നതിന്റെ മുമ്പാണ് ഷെട്ടാര്‍ കോണ്ഗ്രസിനെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്.