Connect with us

National

കര്‍ണാടക മുന്‍ മന്ത്രി ബി നാഗേന്ദ്രയെ ഇ ഡി അറസ്റ്റ് ചെയ്തു

ആരോപണത്തെ തുടര്‍ന്ന് ജൂണ്‍ 6 ന് സംസ്ഥാന മന്ത്രിസഭയിലെ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര രാജിവെക്കുകയായിരുന്നു.

Published

|

Last Updated

ബെംഗളുരു |  കര്‍ണാടക മഹര്‍ഷി വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ബി നാഗേന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.

ബല്ലാരി റൂറല്‍ എംഎല്‍എയായ നാഗേന്ദ്രയെ ബെംഗളൂരുവിലെ ഇഡി കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയുന്നത്. കോര്‍പ്പറേഷന്റെ ബേങ്ക് അക്കൗണ്ടില്‍ നിന്ന് ഹൈദരാബാദിലെ നിരവധി ബേങ്ക് അക്കൗണ്ടുകളിലേക്ക് 89.7 കോടി രൂപ അനധികൃതമായി കൈമാറിയെന്ന ആരോപണത്തെ തുടര്‍ന്ന് ജൂണ്‍ 6 ന് സംസ്ഥാന മന്ത്രിസഭയിലെ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര രാജിവെക്കുകയായിരുന്നു.

കോര്‍പ്പറേഷന് അക്കൗണ്ടുള്ള യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെ നിരവധി ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. കോര്‍പ്പറേഷന്‍ അക്കൗണ്ട്സ് സൂപ്രണ്ട് പി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്

ജൂലൈ 10ന് കര്‍ണാടകയിലെ പതിനഞ്ചിലധികം സ്ഥലങ്ങളില്‍ ഇഡി ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. നാഗേന്ദ്രയുടെയും അടുത്ത സഹായികളുടെയും വീടുകളിലും മറ്റും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

Latest