Connect with us

National

കാറിനു നേരെ കല്ലേറ്; പരുക്കേറ്റ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആശുപത്രിയില്‍

പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍. ആക്രമണത്തിനു പിന്നില്‍ ബി ജെ പിയാണെന്ന് എന്‍ സി പി.

Published

|

Last Updated

മുംബൈ | മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിയും എന്‍ സി പി (ശരത്ചന്ദ്ര പവാര്‍) നേതാവുമായ അനില്‍ ദേശ്മുഖിന്റെ കാറിനു നേരെ കല്ലേറ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം മടങ്ങുമ്പോഴാണ് അജ്ഞാതസംഘം കല്ലേറ് നടത്തിയത്. നാഗ്പൂരിലെ കതോല്‍ ജലല്‍ഖേദ റോഡില്‍ വച്ചാണ് സംഭവം.

പരുക്കേറ്റ ദേശ്മുഖിനെ കതോലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തിനു പിന്നില്‍ ബി ജെ പിയാണെന്ന് എന്‍ സി പി ആരോപിച്ചു.

മകനും മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഖാഡി (എം വി എ) സ്ഥാനാര്‍ഥിയുമായ സലില്‍ ദേശ്മുഖിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എയാണ് അനില്‍. കല്ലേറേറ്റ് കാറിന്റെ ഗ്ലാസ് തകരുകയും അനിലിന്റെ തലക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. ആക്രമണത്തിനു പിന്നിലെ പ്രകോപനമോ അക്രമകാരികള്‍ ആരാണെന്നതോ വ്യക്തമായിട്ടില്ല.

ഉദ്ദവ് താക്കറെ മന്ത്രിസഭയിലാണ് അനില്‍ ദേശ്മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം വഹിച്ചത്. ഹോട്ടലുകളില്‍ നിന്നും ബാറുകളില്‍ നിന്നും അന്യായമായി പണം പിടിച്ചെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് അന്നത്തെ മുംബൈ പോലീസ് കമ്മീഷണര്‍ ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് അനിലിന് മന്ത്രി പദവി രാജിവെക്കേണ്ടി വരികയായിരുന്നു. പിന്നീട് 2012 നവംബറില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ ഡിയും 2022 ഏപ്രിലില്‍ അഴിമതിക്കുറ്റം ചുമത്തി സി ബി ഐയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിഞ്ഞ അനില്‍ ദേശ്മുഖിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

 

Latest