National
മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ധിഖ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു
പാര്‍ട്ടിയുമായുള്ള 48 വര്‍ഷത്തെ ബന്ധമാണ് ബാബ സിദ്ധിഖ് അവസാനിപ്പിച്ചത്.
മുംബൈ| മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ധിഖ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചു. പാര്‍ട്ടിയുമായുള്ള 48 വര്‍ഷത്തെ ബന്ധമാണ് ബാബ സിദ്ധിഖ് അവസാനിപ്പിച്ചത്. കൗമാരപ്രായത്തില്‍ തന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ എത്തിയ ആളാണ് ഞാന്‍. എന്റെ 48 വര്‍ഷത്തെ കോണ്‍ഗ്രസിലെ യാത്ര അവസാനിക്കുകയാണ്.
ഇന്ന് ഞാന്‍ കോണ്‍ഗ്രസിലെ പ്രാഥമിക അംഗത്വം രാജിവെക്കുകയാണ്. പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്, പക്ഷേ അവര്‍ പറയുന്നതുപോലെ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലത്. ഈ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നവര്‍ക്ക് നന്ദി-ബാബ സിദ്ധിഖ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
നിലവില്‍ മുംബൈ റീജിയണല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പാര്‍ലമെന്ററി ബോര്‍ഡിന്റെ ചെയര്‍പേഴ്സണും സീനിയര്‍ വൈസ് പ്രസിഡന്റുമാണ് ബാബ സിദ്ദിഖ്. തുടര്‍ച്ചയായി മൂന്ന് തവണ ( 1999, 2004, 2009 )എംഎല്‍എ ആയിരുന്നു. 2004ല്‍ അദ്ദേഹം സംസ്ഥാന മന്ത്രിയായി(ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍, എഫ്ഡിഎ).
തുടര്‍ച്ചയായി രണ്ട് തവണ മുനിസിപ്പല്‍ കോര്‍പ്പറേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബാബ സിദ്ധിഖിന്റെ മകന്‍ നിലവില്‍ ബാന്ദ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ്.