Connect with us

Haritha Issue

ഹരിതയുടെ മുന്‍ ഭാരവാഹികള്‍ പി കെ നവാസിനെതിരെ മൊഴി നല്‍കി

അന്വേഷണത്തില്‍ അനാസ്ഥയുണ്ടെന്ന് നജ്മയും മുഫീദയും: മതവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മതത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മറുപടി

Published

|

Last Updated

കോഴിക്കോട് | എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അടക്കമുള്ളവര്‍ക്കെതിരായ ലൈംഗിക അധിക്ഷേ പരാതിയില്‍ ഹരിതയുടെ രണ്ട് മുന്‍ സംസ്ഥാന ഭാരവാഹികള്‍ വനിതാ കമ്മീഷന് മുമ്പിലെത്തി മൊഴി നല്‍കി. മുസ്ലിം ലീഗ് നേതൃത്വത്തിന്റെ വിലക്കുകള്‍ മറികടന്നായിരുന്നു ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിയും സെക്രട്ടറി നജ്മ തെബ്ഷീറയും മൊഴി നല്‍കാനെത്തിയത്.

അന്വേഷണത്തില്‍  കാലതാമസവും അനാസ്ഥയും നടക്കുന്നതായി കമ്മീഷനെ അറിയിച്ചെന്ന് ഇവരുവരും മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. എതിര്‍പ്പുകള്‍ അവഗണിച്ച് നിയമ നടപടികളുമായി മുന്നോട്ടുപോകും. അനാസ്ഥയുണ്ടോയെന്ന സംശയം ഞങ്ങള്‍ക്കുണ്ട്. അത് പങ്കുവച്ചിട്ടുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥ അവധിയിയിലാണ് എന്നാണ് അറിയാന്‍ സാധിച്ചിട്ടുള്ളത്. രണ്ട് മാസത്തെ അവധിക്ക് പോയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥ, അതുകൊണ്ടാണോ കേസന്വേഷണം വൈകുന്നതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അതേക്കുറിച്ച് കൃത്യമായിട്ടുള്ള വിവരങ്ങള്‍ അറിയില്ലെന്നും ഇവര്‍ പറഞ്ഞു.

നിങ്ങളെ മതവിരുദ്ധരായി ചിത്രീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മതത്തിന് എതിരായ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും ഇരുവരും പറഞ്ഞു. തങ്ങളുടെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമെല്ലാം പരസ്യമാണെന്നും മുന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

 

 

Latest