International
പാക് മുന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍
ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തു നിന്നാണ് ഇമ്രാന്‍ ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇസ്ലാമാബാദ് | പാക്കിസ്ഥാന്‍ മുന്‍ പ്രധാന മന്ത്രിയും തെഹരീക് ഇ ഇന്‍സാഫ് തലവനുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍. ഇസ്ലാമാബാദ് ഹൈക്കോടതിക്കു പുറത്തു നിന്നാണ് ഇമ്രാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യത്തെ ശക്തരായ സൈന്യം തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഖാൻ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് നടപടി.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പാർലിമെന്റ് റൈഞ്ചേഴ്സ് സംഘമാണ് ഇമ്രാൻ ഖാനെ പിടികൂടിയത്. ഇമ്രാൻ ഖാനെ കോടതിയിൽ ബയോമെട്രിക് പ്രക്രിയയ്‌ക്ക് വിധേയനാക്കുന്നതിനിടെ റൈഞ്ചർമാർ ഗ്ലാസ് ജനൽ തകർത്ത് അഭിഭാഷകരെയും ഖാന്റെ സുരക്ഷാ ജീവനക്കാരെയും മർദിച്ച ശേഷം അറസ്റ്റ് ചെയ്തതെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ഷിറീൻ മസാരി പറഞ്ഞു.
റൈഞ്ചേഴ്‌സ് ഖാനെ ബലമായി പിടിച്ച് ജയിൽ വാനിലേക്ക് തള്ളുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. സാധാരണയായി സൈനിക ഉദ്യോഗസ്ഥരാണ് റൈഞ്ചേഴ്സിനെ നയിക്കുന്നത്. ഇമ്രാന്റെ അഭിഭാഷകനെ കോടതി പരിസരത്ത് കൈയേറ്റം ചെയ്തതായും വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റ് ചെയ്യപ്പെടുന്നതിന് മണിക്കൂറുകൾക്ക് ഇമ്രാൻ ഖാനെ ഒന്നിലധികം കേസുകളിൽ തീവ്രവാദ വിരുദ്ധ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
നമ്മുടെ രാജ്യത്തിനും ജനാധിപത്യത്തിനും ഇന്ന് കറുത്ത ദിനമാണെന്ന് തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി ട്വീറ്റ് ചെയ്തു. ഇസ്‌ലാമാബാദിൽ പ്രതിഷേധവുമായി പ്രവർത്തകർ തെരുവിലിറങ്ങി.