Connect with us

International

ചൈനീസ് പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ ബലം പ്രയോഗിച്ച് പുറത്താക്കി

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ മുതിർന്ന നേതാവാണ് ഹു ജിന്റാവോ. 2013ൽ ഷി ജിൻപിങ് പ്രസിഡന്റാകുന്നതിന് മുമ്പ് പത്ത് വർഷത്തോളം ജിന്റാവോയായിരുന്നു ചൈനയുടെ പ്രസിഡന്റ്

Published

|

Last Updated

ബീജിംഗ് | ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 20-ാം കോൺഗ്രസിന്റെ സമാപന വേദിയിൽ നിന്ന് മുൻ പ്രസിഡന്റ് ഹു ജിന്റാവോയെ ബലം പ്രയോഗിച്ച് പുറത്താക്കി. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട വീഡിയോയിൽ, പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അരികിൽ ഇരിക്കുന്ന ഹു ജിന്റാവോയെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കസേരയിൽ നിന്ന് ഉയർത്തി മീറ്റിംഗ് ഹാളിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നത് കാണാം. കസേരയിൽ നിന്ന് എഴുന്നേൽക്കാൻ 79കാരനായ അദ്ദേഹം വിസമ്മതിച്ചെങ്കിലും ഉദ്യോഗസ്ഥർ ബലമായി പിടിച്ച് ഉയർത്തുകയായിരുന്നു. പോകുന്ന വഴി ഷി ജിൻപിങ്ങിനോട് എന്തോ സംസാരിക്കുന്നുമുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ മുതിർന്ന നേതാവാണ് ഹു ജിന്റാവോ. 2013ൽ ഷി ജിൻപിങ് പ്രസിഡന്റാകുന്നതിന് മുമ്പ് പത്ത് വർഷത്തോളം ജിന്റാവോയായിരുന്നു ചൈനയുടെ പ്രസിഡന്റ്. 2003 മാർച്ച് 15 മുതൽ 2013 മാർച്ച് 14 വരെയാണ് അദ്ദേഹം പ്രസിഡന്റ് പദവി വഹിച്ചത്. ഭരണഘടനയനുസരിച്ച് രണ്ട് ടേം പൂർത്തിയാക്കിയ ശേഷം അദ്ദേഹം സ്ഥാനമൊഴിയുകയായിരന്നു. ഇതിന് ശേഷവും അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നത് തുടർന്നു.

ചൈനീസ് പ്രധാനമന്ത്രി ലീ കെക്വിയാങ്ങിനെയും പാർട്ടി നേതൃസ്ഥാനത്തുനിന്നും ഷി ജിൻപിംഗ് നീക്കിയതായി വാർത്താ ഏജൻസിയായ എ പി റിപ്പോർട്ട് ചെയ്തു. ഇയാൾക്കൊപ്പം മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ കൂടി നീക്കിയിട്ടുണ്ട്. ഇനി ഈ നാല് നേതാക്കൾക്കും വീണ്ടും പോളിറ്റ് ബ്യൂറോ അംഗങ്ങളാകാൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിസിപി) യോഗത്തിന്റെ അവസാന ദിവസമായ ശനിയാഴ്ചയാണ് തീരുമാനം പുറത്തുവന്നത്.

കഴിഞ്ഞ 7 ദിവസമായി ബീജിംഗിൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സിസിപി) ഉന്നതതല യോഗം ഇന്ന് സമാപിച്ചു. യോഗത്തിൽ പാർട്ടി അംഗങ്ങൾ പുതിയ കേന്ദ്ര കമ്മിറ്റിക്ക് വോട്ട് ചെയ്തു. ഇതിൽ 205 അംഗങ്ങളുണ്ട്, അതിൽ 11 പേർ സ്ത്രീകളാണ്. ഈ സമിതിയാണ് പോളിറ്റ് ബ്യൂറോ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

യോഗം അവസാനിച്ച ശേഷം കേന്ദ്ര കമ്മിറ്റി യോഗം ചേരും. ഇതിൽ 25 പോളിറ്റ് ബ്യൂറോ അംഗങ്ങളും 7 സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും തിരഞ്ഞെടുക്കപ്പെടുന്നു. ഈ അംഗങ്ങൾ ആരൊക്കെയായിരിക്കുമെന്ന് ഒക്ടോബർ 23ന് പ്രഖ്യാപിക്കും

Latest