International
ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വെടിയേറ്റു
നില അതീവഗുരുതരം: അക്രമി പിടിയില്‍
ടോക്കിയോ | ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വെടിയേറ്റു. അബോധാവസ്ഥയിലായ ഷിന്‍സോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിന്‍സോയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഷിന്‍സോക്ക് ഹൃദയാഘാതം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
നാരാ പട്ടത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. രണ്ട് തവണ വെടിയൊച്ച കേട്ടതായി ദൃസാക്ഷികളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ പിന്നില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. യമാഗമി തത്‌സൂയ എന്ന നാല്‍പ്പതുകാരനാണ് പിടിയിലായത്.
ജപ്പാനില്‍ മറ്റന്നാല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. രാഷ്ട്രീയ വിരോധം തന്നെയാകാം ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.പൊതുവരെ രാഷ്ട്രീയ രംഗത്ത് വലിയ ആക്രമണങ്ങളൊന്നുമുണ്ടാകാത്ത രാജ്യമാണ് ജപ്പാന്‍. വെടിവെപ്പ് കേസുകള്‍ തന്നെ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. അത്തരം ഒരു രാജ്യത്തെ മുന്‍പ്രധാനമന്ത്രിക്ക് നേരെയുണ്ടായ വെടിവെപ്പ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
2020ലാണ് ഷിന്‍സോ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ദീര്‍ഘകാലം പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു രാജിവെച്ചത്.