National
മുന്‍ പഞ്ചാബ് കോണ്‍ഗ്രസ്സ് യൂണിറ്റ് ചീഫ് സുനില്‍ ജാഖര്‍ പാര്‍ട്ടി വിട്ടു
കോണ്‍ഗ്രസിന്റെ ത്രിദിന ചിന്തന്‍ ശിവിര്‍ സമ്മേളനം പ്രഹസനം ആണെന്ന് ജാഖർ പരിഹസിച്ചു
ചണ്ഡീഗഡ് | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് പി സി സി മുന്‍ അധ്യക്ഷനുമായിരുന്ന സുനില്‍ ജഖാര്‍ രാജിവെച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അച്ചടക്ക നടപടിക്ക് സാധ്യത നിലനില്‍ക്കെയാണ് രാജി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തിന് കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പഞ്ചാബില്‍ നിരവധി അണികളുള്ള സുനില്‍ ജഖാറിന്റെ രാജി കോണ്‍ഗ്രസില്‍ വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
ജാഖര്‍ ശനിയാഴ്ച നാടകീയമായാണ് പാര്‍ട്ടി വിട്ടത്. മന്‍ കി ബാത് എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് ലൈവില്‍ പാര്‍ട്ടിയോട് വിടപറയുന്നുവെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ്സിന് നല്ലത് വരട്ടെയന്നും കൂട്ടിച്ചേര്‍ത്തു.
മൂന്ന് തവണ എം എല്‍ എയും ഒരു തവണ എം പിയുമായിരുന്ന ജാഖര്‍ തന്റെ സാമൂഹിക മാധ്യമ സൈറ്റുകളില്‍ നിന്നെല്ലാം പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നീക്കം ചെയ്തു.
താന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ചില പഞ്ചാബ് കോണ്‍ഗ്രസ്സ് നേതാക്കളുടെ ആരോപണത്തെത്തുടര്‍ന്ന് അച്ചടക്ക സമിതി എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും നീക്കം ചെയ്തതില്‍ തകര്‍ന്നു പോയതായി ജാഖര്‍ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ ത്രിദിന ചിന്തന്‍ ശിവിര്‍ സമ്മേളനം പ്രഹസനം ആണെന്നും അദ്ദേഹം പരിഹസിച്ചു.