Obituary
സുസുകി മോട്ടോര്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു
മാരുതി 800ന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍
ടോക്കിയോ | സുസുകി മോട്ടോര്‍ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി (94) അന്തരിച്ചു. ലിംഫോമയെന്ന രോഗത്തെ തുടര്‍ന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു മരണമെന്ന് കമ്പനി വൃത്തങ്ങള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖലക്ക് ഒരു പുതുയുഗത്തിന് തുടക്കമിട്ട ഒസാമു സുസുകി മൂന്ന് ദശകങ്ങളായി സുസുകി മോട്ടോറിന്റെ നേതൃസ്ഥാനം വഹിച്ചിരുന്നു.
1958ലാണ് ഒസാമു ഔദ്യോഗികമായി സുസുകി മോട്ടോര്‍ കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിച്ചത്. ജൂനിയര്‍ മാനേജ്മെന്റ് തസ്തികയില്‍ തുടങ്ങി കമ്പനിയിലെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തുമായി 1963ല്‍ അദ്ദേഹം ഡയറക്ടര്‍ സ്ഥാനത്തെത്തി.
1978ല്‍ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. 2000ല്‍ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു. 86ാം വയസില്‍ പ്രസിഡന്റ് സ്ഥാനം മകന്‍ തൊഷിഹിറോ സുസുകിക്ക് കൈമാറി. 2021 ല്‍ 91ാം വയസ്സിലായിരുന്നു സുസുകി മോട്ടോറില്‍ നിന്ന് ഔദ്യോഗികമായി വിരമിച്ചത്.
1980ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച സുസുകി രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളിലൊന്നായി മാറി. 1983ല്‍ പുറത്തിറങ്ങി ഇന്ത്യന്‍ പാതകള്‍ പിടിച്ചടക്കിയ മാരുതി 800 കാറിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് ഒസാമു.
1930 ജനുവരി 30ന് ജപ്പാനിലെ ജെറോയിലാണ് ഒസാമുവിന്റെ ജനനം. സുസുകി സ്ഥാപകന്‍ മിഷിയോ സുസുകിയുടെ പേരക്കുട്ടിയെ വിവാഹം കഴിച്ചാണ് ഒസാമു സുസുകി കുടുംബത്തിലേക്കെത്തിയത്.