National
തമിഴ് മുൻ സൂപ്പർതാരം വിജയകാന്ത് അന്തരിച്ചു
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.
ചെന്നൈ | ഡിഎംഡികെ സ്ഥാപക നേതാവും തമിഴ് സിനിമയിലെ മുൻ സൂപ്പർതാരവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കഴിഞ്ഞദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് കോവിഡും സ്ഥിരീകരിച്ചിരുന്നു.
രണ്ടുതവണ തമിഴ്നാട് നിയമസഭാ അംഗമായ വിജയകാന്ത് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടി രൂപീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്നാണ് സിനിമ പ്രേമികൾ അദ്ദേഹത്തെ വിളിച്ചിരുന്നത്.
കെ എൻ അളഗർസ്വാമിയ – ആണ്ടാൾ അളഗർസ്വാമി ദമ്പതികളുടെ മകനായി 1952 ഓഗസ്റ്റ് 25 ന് മധുരയിലാണ് വിജയകാന്തിന്റെ ജനനം. വിജയരാജ് അളഗർസ്വാമി എന്നാണ് യഥാർത്ഥ പേര്.
1979ലാണ് വിജയകാന്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. പിന്നീട് നിരവധി ചിത്രങ്ങളിൽ നായക വേഷത്തിൽ എത്തിയ വിജയകാന്ത് തമിഴ് സിനിമയിലെ സൂപ്പർതാരമായി മാറി. 2010 ൽ പുറത്തിറങ്ങിയ ബിരുദഗിരിയാണ് അവസാനമായി അദ്ദേഹം നായക വേഷത്തിൽ അഭിനയിച്ച ചിത്രം. 2015 ഇറങ്ങിയ സതാബ്ദം എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് അവസാനം സ്ക്രീനിൽ എത്തിയത്.
2005ൽ മുർപ്പോക്ക് ദ്രാവിഡ കഴകം പാർട്ടി രൂപീകരിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിലും പാർട്ടി മത്സരിച്ചെങ്കിലും വിജയകാന്തിന് മാത്രമായിരുന്നു ജയം. 2011ൽ എ ഐ എ ഡി എം കെ യുമായി ഡിഎംഡികെ പാർട്ടി സഖ്യം ഉണ്ടാക്കി. അന്ന് 40 സീറ്റിൽ മത്സരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികളുമായി സഖ്യം ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയം നേരിട്ടു. അതോടെയാണ് തമിഴ് രാഷ്ട്രീയത്തിൽ വിജയകാന്ത് അപ്രസക്തൻ ആയത്. അനാരോഗ്യം മൂലം കുറേക്കാലമായി രാഷ്ട്രീയത്തിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.
ഭാര്യ പ്രേമലത. മക്കൾ ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.