From the print
നാല്‍പ്പതാമത് വിധി; പ്രായക്കുറവ് ഗ്രീഷ്മക്ക്
കേരളത്തിലെ 40ാമത് വധശിക്ഷയാണ് ഇന്നലെ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിധിച്ചത്. ഇതില്‍ പ്രായം കുറഞ്ഞ രണ്ടാമത് വനിതയാണ് ഗ്രീഷ്മ.
തിരുവനന്തപുരം | കേരളത്തിലെ 40ാമത് വധശിക്ഷയാണ് ഇന്നലെ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിധിച്ചത്. ഇതില്‍ പ്രായം കുറഞ്ഞ രണ്ടാമത് വനിതയാണ് ഗ്രീഷ്മ. 1974 ലാണ് പൂജപ്പുരയില്‍ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. കളിയിക്കാവിള സ്വദേശി അഴകേശനെയായിരുന്നു അന്ന് തൂക്കിലേറ്റിയത്. ദൈവപ്രീതിക്കായി കൊല്ലം കുണ്ടറ സ്വദേശിയായ ആറ് വയസ്സുകാരന്‍ ദേവദാസിനെ 1973 മെയ് 23 ന് അഴകേശന്‍ നരബലി നല്‍കിയ കേസിലായിരുന്നു കോടതി വധ ശിക്ഷ നടപ്പാക്കിയത്.
ഒറ്റക്ക് താമസിക്കുകയായിരുന്ന തിരുവനന്തപുരം മുല്ലൂര്‍തോട്ടം ആലുമൂട് വീട്ടില്‍ ശാന്തകുമാരിയെന്ന വയോധികയെ വിഴിഞ്ഞം സ്വദേശിയായ റഫീഖ ബീവി, പാലക്കാട് പട്ടാമ്പി വിളയൂര്‍ വള്ളികുന്നത്തു വീട്ടില്‍ അല്‍അമീന്‍, റഫീഖയുടെ മകന്‍ ശഫീഖ് എന്നിവര്‍ ചേര്‍ന്ന് റഫീഖയുടെ വാടക വീട്ടില്‍ വിളിച്ചുവരുത്തി ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയ ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. കേസില്‍ മൂന്ന് പേര്‍ക്കും കോടതി വധ ശിക്ഷ വിധിച്ചു.
ആലുവയില്‍ 2023 ജൂലൈ 28 ന് അതിഥി തൊഴിലാളിയുടെ അഞ്ച് വയസ്സുള്ള മകളെ പഴച്ചാറില്‍ മദ്യം നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം, മൂക്കന്നൂര്‍ കൂട്ടക്കൊല കേസില്‍ പ്രതി ബാബു, പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാം, ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഉരുട്ടി ക്കൊലക്കേസിലെ പ്രതികളായ പോലീസുകാര്‍ എന്നിവര്‍ക്കും വധ ശിക്ഷ വിധിച്ചിട്ടുണ്ട്.
ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലക്കേസില്‍ എ എസ് ഐ ജിതകുമാറിനും നാര്‍കോട്ടിക് സെല്ലിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീകുമാറിനുമാണ് കോടതി വധശിക്ഷ വിധിച്ചത്. മോഷണക്കുറ്റം ആരോപിച്ചാണ് 2005 സെപ്തംബര്‍ 27ന് ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പോലീസ് കസ്റ്റഡിയില്‍ ഭീകരമായ മൂന്നാംമുറ നേരിടേണ്ടി വന്നു. ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കേസ് പോലും ചാര്‍ജ് ചെയ്യാതെയാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയത്. ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നീ പോലീസുകാര്‍ ചേര്‍ന്നാണ് മൂന്നാംമുറ പ്രയോഗിച്ചത്. ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് ജി ഐ പൈപ്പുകൊണ്ട് തുടയില്‍ മാരകമായി അടിച്ചു. രാത്രി എട്ടോടെ ഉദയകുമാര്‍ മരിച്ചു.
2016 ഏപ്രില്‍ 28ന് വീട്ടില്‍ അതിക്രമിച്ച് കയറി നിയമ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലാണ് പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാന്പില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് മൂക്കന്നൂരില്‍ സഹോദരന്‍ അടക്കം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലാണ് എരപ്പ് സ്വദേശി ബാബുവിന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി കെ സോമന്‍ വധശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി 12നാണ് സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് എരപ്പ് സെന്റ് ജോര്‍ജ് കപ്പേളക്ക് സമീപം അറക്കല്‍ ശിവന്‍, ശിവന്റെ ഭാര്യ വത്സല, ഇവരുടെ മൂത്ത മകള്‍ സ്മിത എന്നിവരെ കൊലപ്പെടുത്തിയത്. സഹോദര പുത്രിയായ സ്മിതയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വധശിക്ഷ ലഭിച്ചത്. 11 വയസ്സുള്ള മകന്റെ കണ്‍മുന്നില്‍ വെച്ച് സ്മിതയെ 35 വെട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി കണ്ടെത്തി.
ചെങ്ങന്നൂര്‍ വെണ്മണിയില്‍ കവര്‍ച്ചക്കിടെ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ് സ്വദേശിയായ ലബിലു ഹസനും മാവേലിക്കര കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. എ പി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ എന്നിവര്‍ 2019 നവംബര്‍ 11ന് രാത്രിയാണ് കൊല്ലപ്പെട്ടത്. കൂടാതെ കഴിഞ്ഞ വര്‍ഷം പോപുലര്‍ ഫ്രണ്ട് നേതാവ് ഷാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന പ്രതികാരക്കൊലയില്‍ ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 15 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. സംസ്ഥാനത്ത് ഒരു കേസില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വധശിക്ഷ വിധിച്ചത് ഈ കേസിലായിരുന്നു.
കേരളത്തില്‍ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ
ഷാരോണ്‍ കേസില്‍ മുഖ്യപ്രതി ഗ്രീഷ്മക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ. വാട്‌സ് ആപ്പ് മുതല്‍ ചായക്കട വരെ ചര്‍ച്ചയായ വധശിക്ഷയെ നിരവധി പേര്‍ സ്വാഗതം ചെയ്യുമ്പോള്‍ പ്രാകൃത ശിക്ഷാരീതിയെന്ന് ചൂണ്ടിക്കാട്ടി വിയോജിക്കുന്നവരും ഉണ്ട്.
സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വമായ കുറ്റകൃത്യങ്ങള്‍ക്കാണ് പൊതുവേ വധശിക്ഷ വിധിക്കാറുള്ളത്. മൂന്ന് പതിറ്റാണ്ട് മുമ്പ് 1991 ല്‍ റിപ്പര്‍ ചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കി കൊന്നതിനു ശേഷം കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. 14 പേരെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന കേസിലാണ് റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്. സംസ്ഥാന രൂപവത്കരണ ശേഷം കണ്ണൂര്‍, പൂജപ്പുര ജയിലുകളിലായി 26 പേരെ തൂക്കിലേറ്റിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.