National
ദുരന്തം നടന്ന് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം യൂണിയന്‍ കാര്‍ബൈഡ് കമ്പനിയിലെ വിഷ മാലിന്യങ്ങള്‍ നീക്കുന്നു
.മാലിന്യങ്ങള്‍ സീല്‍ ചെയ്ത് ട്രക്കുകളില്‍ കയറ്റിയതായും ഇന്‍ഡോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യാവസായിക മേഖലയില്‍ മാലിന്യങ്ങള്‍ തള്ളുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു
ഭോപ്പാല്‍ | ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ 377 ടണ്‍ വിഷ മാലിന്യം നീക്കുന്ന നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. 12 കണ്ടെയ്നര്‍ ട്രക്കുകളിലായാണ് മാലിന്യം കൊണ്ടുപോവുക. കൊണ്ടുപോകുന്ന മാലിന്യം 250 കി.മീറ്റര്‍ അകലെയുള്ള സംസ്‌കരണ കേന്ദ്രത്തിലെത്തിച്ച് സംസ്‌കരിക്കും
ദുരന്തം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫാക്ടറിയിലെ മാലിന്യ നീക്കം നടക്കാത്തതിനാല്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശമുന്നയിച്ചിരുന്നു.മാലിന്യങ്ങള്‍ സീല്‍ ചെയ്ത് ട്രക്കുകളില്‍ കയറ്റിയതായും ഇന്‍ഡോറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ധാര്‍ ജില്ലയിലെ പിതാംപൂര്‍ വ്യാവസായിക മേഖലയില്‍ മാലിന്യങ്ങള്‍ തള്ളുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെ എത്തിക്കുന്ന മാലിന്യം മൂന്ന് മാസത്തിനുള്ളില്‍ കത്തിച്ചുകളയും. കത്തിക്കുന്ന പുക പ്രത്യേക ഫില്‍റ്ററുകളിലൂടെ കടത്തിവിട്ട് അന്തരീക്ഷ മലിനീകരണം ഒഴിവാക്കും.
മാലിന്യം കയറ്റി വരുന്ന ട്രക്കുകളുടെ സുഗമമായ യാത്രയ്ക്കായി റോഡില്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കും. 30 മിനിറ്റ് ഷിഫ്റ്റുകളിലായി നൂറ് തൊഴിലാളികള്‍ ചേര്‍ന്നാണ് മാലിന്യം പായ്ക്ക് ചെയ്തത്. ഓരോ 30 മിനിറ്റിലും തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കിയെന്നും ഇവര്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരായതതായും ഭോപ്പാല്‍ വാതക ദുരന്ത നിവാരണ,പുനരധിവാസ വകുപ്പ് ഡയറക്ടര്‍ സ്വതന്ത്ര കുമാര്‍ സിങ് പറഞ്ഞു
1984 ഡിസംബര്‍ 2-3 തീയതികളില്‍ രാത്രിയില്‍ ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍ നിന്ന് ഉയര്‍ന്ന വിഷാംശമുള്ള മീഥൈല്‍ ഐസോസയനേറ്റ് (എംഐസി) വാതകം ചോര്‍ന്നത്. ദുരന്തത്തില്‍ കുറഞ്ഞത് 5,479 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളില്‍ ഒന്നാണിത്.