Economic Reservation
മുന്നാക്ക സാമ്പത്തിക സംവരണം; മാനദണ്ഡം മാറ്റുമെന്ന് കേന്ദ്രം
നാലാഴ്ചക്കകം ഇക്കാര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കും
ന്യൂഡൽഹി | മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ (ഇ ഡബ്ല്യു എസ്) നിശ്ചയിക്കുന്നതിലെ മാനദണ്ഡം പുനഃപരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ. നാലാഴ്ചക്കകം ഇക്കാര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കും. ഇ ഡബ്ല്യു എസ് മാനദണ്ഡത്തിൽ മാറ്റം വരുന്നതു വരെ നീറ്റ് കൗൺസിലിംഗുമായി മുന്നോട്ടു പോകില്ലെന്നും കേന്ദ്ര സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. കേസ് ജനുവരി ആറിന് പരിഗണിക്കുന്നതിനായി മാറ്റി.
എട്ട് ലക്ഷം രൂപ വാർഷിക വരുമാനമാണ് നിലവിൽ ഇ ഡബ്ല്യു എസ് മാനദണ്ഡം. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പ്രകാരം മെഡിക്കൽ സീറ്റുകളിൽ സംവരണത്തിന് അർഹരായ ഇ ഡബ്ല്യു എസ് വിദ്യാർഥികളെ കണ്ടെത്താൻ എട്ട് ലക്ഷം രൂപ എന്ന മാനദണ്ഡത്തിലെത്താൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാൻ നേരത്തേ ഹരജി പരിഗണിച്ചപ്പോൾ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
നീറ്റ് പ്രകാരമുള്ള പ്രവേശനത്തിൽ ഒ ബി സിക്കാർക്ക് 27 ശതമാനവും ഇ ഡബ്ല്യു എസ് വിഭാഗത്തിന് പത്ത് ശതമാനവും സംവരണം നൽകുന്ന കേന്ദ്രത്തിന്റെയും മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയുടെയും ജൂലൈ 29ലെ വിജ്ഞാപനം ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഒരു കൂട്ടം ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.