Articles
കൂടുതല്‍ കരുത്തോടെ മുന്നോട്ട്
വ്യതിരിക്തമായ വ്യക്തിത്വമുള്ള ഒരു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുന്നോട്ടുവെച്ചിരുന്നത്. 765ഓളം ഇനങ്ങളില്‍ നടപടികള്‍ വിവിധ ഘട്ടങ്ങളില്‍ എത്തിക്കാന്‍ ആദ്യ വര്‍ഷം തന്നെ കഴിഞ്ഞു.
എല്ലാ ജനങ്ങള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതും ദീര്‍ഘകാല പരിപ്രേക്ഷ്യത്തോടെയുള്ള വികസന പദ്ധതി നടപ്പാക്കുന്നതുമായ സര്‍ക്കാറാണു കേരളത്തിലുള്ളത്. സാമ്പത്തിക വളര്‍ച്ചക്ക് ഉത്തേജനം നല്‍കുംവിധം ഉത്പാദന മേഖലകളില്‍ ഉണര്‍വുണ്ടാക്കാനും സേവന മേഖലകളെ ആധുനികവത്കരിക്കാനും വിജ്ഞാനാധിഷ്ഠിത സമൂഹത്തെ രൂപപ്പെടുത്തിയെടുക്കാനുമുള്ള പരിശ്രമമാണ് നടത്തുന്നത്. ആ നിലക്ക് വ്യതിരിക്തമായ വ്യക്തിത്വമുള്ള ഒരു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികമാണ് ഇന്ന്. 50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ മുന്നോട്ടുവെച്ചിരുന്നത്. 765ഓളം ഇനങ്ങളില്‍ നടപടികള്‍ വിവിധ ഘട്ടങ്ങളില്‍ എത്തിക്കാന്‍ ആദ്യ വര്‍ഷം തന്നെ കഴിഞ്ഞു.
കൃഷിക്കാരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കാനും പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാനും വ്യവസായ മേഖലയില്‍ ചുരുങ്ങിയത് 10,000 കോടി രൂപയുടെ എങ്കിലും സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാനും കേരളത്തെ ഇലക്ട്രോണിക് ഫാര്‍മസ്യൂട്ടിക്കല്‍ ഹബ്ബാക്കി വളര്‍ത്താനും ഭക്ഷ്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വിപണി ഇരട്ടിയാക്കാനും സഹായകമായ പദ്ധതികളാണ് നടപ്പാക്കുന്നത്.
കൊച്ചി-പാലക്കാട്, കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴികള്‍, തിരുവനന്തപുരം ക്യാപിറ്റല്‍ സിറ്റി റീജിയണ്‍ ഡെവലപ്മെന്റ് പദ്ധതി, സില്‍വര്‍ ലൈന്‍ എന്നീ നാല് സുപ്രധാന പശ്ചാത്തല സൗകര്യ പദ്ധതികള്‍ ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. ദേശീയപാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, തെക്കുവടക്ക് ദേശീയ ജലപാത എന്നിവ പൂര്‍ത്തീകരിക്കും. വൈദ്യുതി ക്ഷാമം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാന്‍ 10,000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ത്തീകരിക്കും.
പൂര്‍ണമായ ദാരിദ്ര്യനിര്‍മാര്‍ജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കാരുണ്യ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള കിടത്തി ചികിത്സ സൗജന്യമായി നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുക, ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി പ്രാവര്‍ത്തികമാക്കുക, വിശപ്പുരഹിത കേരളം പരിപൂര്‍ണ യാഥാര്‍ഥ്യമാക്കുക, സാമൂഹിക പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുക, എല്ലാവര്‍ക്കും ഭൂമിയും വീടും കുടിവെള്ളവും ലഭ്യമാക്കുക എന്നീ കാര്യങ്ങള്‍ ചെയ്ത് സാമൂഹിക ക്ഷേമ നടപടികളില്‍ കേരള മാതൃകയെ ഉത്തരോത്തരം ഉയര്‍ത്താനാണുദ്ദേശിക്കുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണവും അധികാരവും ഊദ്യോഗസ്ഥരെയും നല്‍കി അധികാര വികേന്ദ്രീകരണം ശക്തമാക്കും. 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കമ്പ്യൂട്ടര്‍, വൈദ്യുത വാഹനം എന്നിവയുടെ നിര്‍മാണം പോലുള്ള വ്യവസായങ്ങള്‍ക്കും കാര്‍ഷികോത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള നമ്മുടെ തനതു വിഭവങ്ങളുടെ മൂല്യവര്‍ധിത വ്യവസായങ്ങള്‍ക്കും വലിയ സാധ്യതകളുണ്ട്. ഈ മേഖലകളിലാകെ സക്രിയമായി ഇടപെട്ട് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാന സമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിനുള്ള പരിപാടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഐ ടി വ്യവസായത്തിനെ പ്രോത്സാഹിപ്പിക്കുന്നതില്‍ വലിയ തോതിലുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. 60.47 ലക്ഷം ചതുരശ്രയടി ഐ ടി പാര്‍ക്കുകളും അരലക്ഷത്തോളം തൊഴിലവസരങ്ങളും കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സൃഷ്ടിക്കപ്പെട്ടു. 2026ഓടെ രണ്ട് കോടി ചതുരശ്രയടി ഐ ടി പാര്‍ക്കുകളും രണ്ട് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കൊവിഡ് കാലയളവില്‍ മൂന്ന് ഐ ടി പാര്‍ക്കുകളിലുമായി 10,400 പുതിയ തൊഴിലവസരങ്ങളുണ്ടാക്കി; 181 പുതിയ കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
3,500 ഓളം പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ മുഖേന 32,000 തൊഴിലവസരങ്ങളാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സൃഷ്ടിക്കാനായത്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമായി മാറാനും നമുക്ക് കഴിഞ്ഞു. ഈ സ്റ്റാര്‍ട്ടപ്പ് നയം കൂടുതല്‍ കരുത്തോടെ തുടര്‍ന്നുപോകാനാണ് ശ്രമിക്കുന്നത്.
കേരളത്തെയൊന്നാകെ ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതി പൂര്‍ത്തീകരണത്തോടടുക്കുകയാണ്. അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടെ ലഭ്യമാക്കാന്‍ 52,000 കിലോമീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖലയാണ് നിലവില്‍ വരുന്നത്. 1,531 കോടി രൂപ ചെലവഴിക്കുന്ന ഈ പദ്ധതിയുടെ 65 ശതമാനത്തോളം പ്രവൃത്തി പൂര്‍ത്തീകരിച്ചു. അനിശ്ചിതമായി നീണ്ട ദേശീയപാതാ വികസനം ഇന്ന് യാഥാര്‍ഥ്യമായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റെടുക്കുന്ന ഭൂമി വിലയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാറാണ് വഹിച്ചത്. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കാരോട് വരെ നീളുന്ന ദേശീയപാത കേരളത്തിന്റെ ഗതാഗത മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കും.
നിരവധി എതിര്‍പ്പുകളെ അതിജീവിച്ചുകൊണ്ട് 2021ലാണ് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കിയത്. 2026ഓടെ വിവിധ ജില്ലകളിലായി 615 സി എന്‍ ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇതിന്റെയൊക്കെ ഫലമായി പാചക വാതക ഉപഭോക്താക്കള്‍ക്ക് 30 ശതമാനം കുറഞ്ഞ ചെലവില്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കിലൂടെ ഇന്ധനം ലഭിക്കും. കഴിഞ്ഞ വര്‍ഷം 38.5 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തിയാക്കി. 10,000 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയും ആവിഷ്‌കരിക്കുന്നു. 2025 ആകുമ്പോഴേക്കും വൈദ്യുത ആവശ്യകതയുടെ 40 ശതമാനം പുനരുപയോഗ സാധ്യതയുള്ള സ്രോതസ്സുകളില്‍ നിന്ന് ലഭ്യമാക്കാനാണ് ലക്ഷ്യം വെക്കുന്നത്. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകള്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും. പദ്ധതിയുടെ വിശദ രൂപരേഖ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
എന്റോള്‍മെന്റ് അനുപാതം വര്‍ധിപ്പിച്ചും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തിയും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വൈവിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തും. ഒപ്പം സമഗ്രമായ ബോധനസമ്പ്രദായ പരിഷ്‌കരണവും പാഠ്യപദ്ധതി പരിഷ്‌കരണവും സാധ്യമാകണം. ഇത്തരം പരിഷ്‌കരണങ്ങള്‍ മുന്നില്‍ക്കണ്ട് വിവിധ കമ്മീഷനുകള്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. നൂതന ഗവേഷണത്തിനും സംരംഭകത്വ പ്രോത്സാഹനത്തിനും നിര്‍ണായകമായ പങ്കുവഹിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ യൂനിവേഴ്സിറ്റി യാഥാര്‍ഥ്യമാക്കി.
പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യേക നൂറുദിന കര്‍മപരിപാടി ആവിഷ്‌കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കര്‍മപരിപാടിയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാക്കിയത്. സാമൂഹിക ക്ഷേമമൊരുക്കുന്നതില്‍ സജീവമായി ഇടപെട്ടും സേവനമേഖലയെ ശക്തിപ്പെടുത്തിയും പൊതു പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചും അടിസ്ഥാന വികസനത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞും ക്ഷേമവും സേവനങ്ങളും വികസനവും എല്ലാം ജനങ്ങളുടെ അവകാശമാണെന്ന് സ്ഥാപിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സേവനങ്ങള്‍ സാര്‍വത്രികമായി ലഭ്യമാക്കാന്‍ സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ഇതൊക്കെ സാധ്യമായത് കേരളം സമാധാനവും മതനിരപേക്ഷതയും നിലനില്‍ക്കുന്ന നാടായതിനാലാണ്. അത്തരമൊരു സമൂഹത്തിലേ രാഷ്ട്രീയ നേതൃത്വത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പൊതുസമൂഹത്തിനാകെയും കൈകോര്‍ത്തുകൊണ്ട് അതിജീവനത്തിന്റെയും പുരോഗതിയുടെയും മാതൃക സൃഷ്ടിക്കാന്‍ സാധിക്കൂ. ആ നിലക്കുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ ഏറ്റെടുത്തുകൊണ്ടു കൂടി മുന്നോട്ടു പോകാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്.